വിയോട്ടുകോണത്ത് തെരുവുനായശല്യം രൂക്ഷം

Posted on: 15 Sep 2015നെയ്യാറ്റിന്‍കര: കുന്നത്തുകാല്‍ പഞ്ചായത്തിലെ വിയോട്ടുകോണത്തും ഇലവന്‍കുഴിയിലും തെരുവുനായശല്യം രൂക്ഷമാവുന്നു. കഴിഞ്ഞദിവസം രണ്ടുപേരെ പേപ്പട്ടി കടിച്ചു.
ഇലവന്‍കുഴിയില്‍ സതീഷ്‌കുമാര് !(50), വിയോട്ടുകോണം ആര്യഭവനില്‍ ചന്ദ്രന്‍ നായര് !(47) എന്നിവര്‍ക്ക് ഞായറാഴ്ച രാവിലെ പേപ്പട്ടിയുടെ കടിയേറ്റു. സതീഷ്‌കുമാറിന്റെ മുഖത്തും കാലിനുമാണ് കടിയേറ്റത്. ചന്ദ്രന്‍ നായരുടെ കൈയ്ക്കാണ് കടിയേറ്റത്.
വിയോട്ടുകോണത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുകയാണ്. തെരുവുനായശല്യം വര്‍ധിച്ചിട്ടും കുന്നത്തുകാല്‍ പഞ്ചായത്ത് യാതൊരു നടപടിയും എടുത്തിട്ടില്ല. തെരുവുനായയെ പിടിക്കുന്നതിന് പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ബാങ്കിന്റെ പമ്പിന് ലൈസന്‍സ് നല്‍കുന്നില്ല;
പ്രക്ഷോഭത്തിനൊരുങ്ങി ജീവനക്കാര്‍
നെയ്യാറ്റിന്‍കര: സഹകരണ ബാങ്ക് തുടങ്ങിയ പെട്രോള്‍ പമ്പിന് പഞ്ചായത്ത് പ്രവര്‍ത്തന ലൈസന്‍സ് നല്‍കുന്നില്ല. ഇതിനെത്തുടര്‍ന്ന് ബാങ്കിലെ ജീവനക്കാര്‍ പഞ്ചായത്തിന് മുന്നില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
മാരായമുട്ടം സഹകരണ ബാങ്ക് മാരായമുട്ടത്ത് ആരംഭിച്ച പെട്രോള്‍ പമ്പിനാണ് പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രവര്‍ത്തന ലൈസന്‍സ് നല്‍കുന്നില്ലെന്ന് പരാതിയുള്ളത്. 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന പമ്പിന് ലൈസന്‍സ് നല്‍കണമെന്ന് ട്രൈബൂണലിന്റെ ഉത്തരവും നടപ്പിലാക്കുന്നില്ല. ഈ സാഹചര്യത്തില്‍ 16ന് രാവിലെ മുതല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബാങ്കിലെയും ബാങ്കിന്റെ സഹസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ സമരം നടത്തും.
ബാങ്ക്, ബ്രാഞ്ച് ഓഫീസുകള്‍, പെട്രോള്‍ പമ്പ്, ലൈബ്രറി, നീതി സ്റ്റോറുകള്‍, മെഡിക്കല്‍ സ്റ്റോര്‍, ക്ലിനിക്കല്‍ ലാബ്, റബ്ബര്‍ ഡിപ്പോ, വളം ഡിപ്പോ എന്നിവിടങ്ങളിലെ ജീവനക്കാരാണ് കരിദിനമാചരിച്ച് സമരം നടത്തുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എം.എസ്.അനില്‍ പറഞ്ഞു. ബാങ്കിന്റെ നവതി സ്മാരക മന്ദിരത്തിന് കെട്ടിട നമ്പര്‍ ഇട്ടുനല്‍കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.


പാഞ്ചിക്കാട്ട് കടവുപാലം നിര്‍മാണോദ്ഘാടനം 16ന്
നെയ്യാറ്റിന്‍കര: മാറ്റിവെച്ച പാഞ്ചിക്കാട്ട് കടവുപാലത്തിന്റെ നിര്‍മാണോദ്ഘാടനം 16ന് നടക്കും. വൈകീട്ട് 6ന് വ്ലൂത്താങ്കര വൃന്ദാവന്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനാവും. മന്ത്രിമാരായ കെ.എം.മാണി, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ പങ്കെടുക്കുമെന്ന് ആര്‍.സെല്‍വരാജ് എം.എല്‍.എ. അറിയിച്ചു.
തിരുപുറം, ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കാനാണ് പാലം നിര്‍മിക്കുന്നത്. പാലം ഉദ്ഘാടനത്തിന്റെ പ്രചാരണത്തിനായി നേരത്തെ സ്ഥാപിച്ചിരുന്ന ഫ്ലക്‌സുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആദ്യം നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിയത്.

പരീക്ഷാ പരിശീലനം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2220484.


ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നെയ്യാറ്റിന്‍കര:
ധനുവച്ചപുരം ഗവ. ഐ.ടി.ഐ.യില്‍ കാഡ് കാം, സി.എന്‍.സി. മെഷീനിങ്, അഡ്വാന്‍സ്ഡ് വെല്‍ഡിങ് എന്നീ ട്രേഡുകളില്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 18ന് രാവിലെ 11ന്.

More Citizen News - Thiruvananthapuram