കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന രണ്ടുപേര്‍ പിടിയില്‍

Posted on: 15 Sep 2015തിരുവനന്തപുരം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന രണ്ടുപേരെ പിടികൂടി. പൂജപ്പുര പുന്നയ്ക്കാമുഗള്‍ സ്വദേശി മിട്ടു എന്ന അരവിന്ദ്, പല്ലന്‍ സുരേഷ് എന്നിവരെയാണ് കണ്‍ട്രോള്‍ റൂമിലെ ഷാഡോപോലീസ് പിടികൂടിയത്. നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നും കഞ്ചാവും വില്‍ക്കുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലാകുന്നത്. മിട്ടുവിന്റെ മൊബൈല്‍ ഫോണില്‍ മയക്കുമരുന്നും കഞ്ചാവും ആവശ്യപ്പെട്ട് വന്ന ഫോണ്‍കോളുകളുടെ അടിസ്ഥാനത്തില്‍ ഷാഡോപോലീസ് സംഘം നഗരപരിധിയില്‍ നിന്ന് പത്തിലധികം വിദ്യാര്‍ഥികളെയും പിടികൂടി.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പിന്നീട് വിട്ടയച്ചു. മിട്ടു എന്ന യുവാവാണ് തങ്ങള്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് രോഗശമനത്തിനായി നല്‍കുന്ന ഗുളികയാണ് പൊടിരൂപത്തിലാക്കി ഇയാള്‍ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. മുപ്പത് രൂപ വിലയുള്ള ഗുളിക മുന്നൂറ് രൂപയ്ക്കാണ് ഇയാള്‍ നല്‍കുന്നത്. തമിഴ്‌നാട്ടിലെ തേനി, കമ്പം, വള്ളിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

More Citizen News - Thiruvananthapuram