വൃക്ക ദാനം ചെയ്യാന്‍ അച്ഛന്‍ തയ്യാര്‍; ചികിത്സാച്ചെലവ് താങ്ങാനാവാതെ കനിഷാറാണി

Posted on: 15 Sep 2015
നെയ്യാറ്റിന്‍കര:
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ മുടവൂര്‍പ്പാറ തേരിവിള വീട്ടില്‍ കനിഷാ റാണിയുടെ ഇരുവൃക്കകളും തകരാറിലാണ്. മകളായ കനിഷയ്ക്ക് വൃക്ക നല്‍കാന്‍ അച്ഛന്‍ രാജേന്ദ്രന്‍ തയ്യാറാണ്. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി ചെലവാകുന്ന ഭീമമായ തുക സ്വരുക്കൂട്ടാനാവാതെ വിഷമിക്കുകയാണ് ഇവരുടെ കുടുംബം.
തൊഴിലുറപ്പ് പണിക്കിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കനിഷാ റാണി ഡോക്ടറെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കനിഷാ റാണിയുടെ ഇരുവൃക്കകളും തകരാറിലായതായി അറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസ് ചെയ്യണം. എന്നാല്‍ ഇതിനുള്ള ചെലവുപോലും ഈ കുടുംബത്തിന് താങ്ങാനാവില്ല .
കനിഷാ റാണിയുടെ ഭര്‍ത്താവ് മനോജ് കുമാര്‍ സമാന്തര സര്‍വീസിലെ ഡ്രൈവറാണ്. രണ്ട് മക്കളുണ്ട്. ഇവരുടെ പഠനച്ചെലവിനും വീട്ടുചെലവുകള്‍ക്കും മനോജ് കുമാറിന്റെ വരുമാനം തികയാറില്ല. ഇതിനിടയിലാണ് കനിഷാ റാണിയുടെ ചികിത്സാച്ചെലവും. നാട്ടുകാരില്‍ ചിലരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ നടക്കുന്നത്.
തേരിവിളയിലെ മൂന്ന് സെന്റ് സ്ഥലത്തിലെ സിമന്റ് പൂശാത്ത ആസ്ബറ്റോസ് ഷീറ്റിട്ട വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. തകരാറിലായ വൃക്കകളിലൊന്ന് മാറ്റി െവച്ചാല്‍ കനിഷാ റാണിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കനിഷാ റാണി ഉദാരമതികളുടെ സഹായം തേടുന്നത്. കനിഷാ റാണിയുടെ ചികിത്സാ സഹായത്തിനായി ബാലരാമപുരം യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു. 662002010002136 എന്നതാണ് അക്കൗണ്ട് നമ്പര്‍. ഐ.എഫ്.സി-യു.ബി.ഐ 566209.

More Citizen News - Thiruvananthapuram