ഇറാന്‍ ബോട്ടിന് പിന്നാലെ അജ്ഞാതബോട്ട്; തീരമേഖലയില്‍ ജാഗ്രത

Posted on: 14 Sep 2015വിഴിഞ്ഞം: കേരള തീരത്ത് അജ്ഞാത ബോട്ടില്‍ ആയുധ ധാരികളെ കണ്ടെന്ന വിവരം തീരദേശ മേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയതിനെ തുടര്‍ന്ന് വിവിധ തീരസുരക്ഷാ സേനകളുടെ നേതൃത്വത്തില്‍ കടലില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മലേഷ്യയില്‍ നിന്നും ഗുജറാത്തിലേക്ക് തടികയറ്റി പോകുകയായിരുന്ന ചരക്ക് കപ്പലിലെ ജീവനക്കാരാണ് വിഴിഞ്ഞം തീരത്ത് നിന്നും 15 നോട്ടിക്കല്‍ മൈല്‍ അകലെ അജ്ഞാത ബോട്ട് കണ്ടതായ വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്. അടുത്തിടെ ദുരൂഹസാഹചര്യത്തില്‍ ആലപ്പുഴ ഉള്‍ക്കടലില്‍ നിന്നും ഇറാന്‍ ബോട്ടും അതിലെ 12 അംഗ സംഘത്തെയും പിടികൂടി വിഴിഞ്ഞത് എത്തിച്ചത് നാട്ടുകാര്‍ വളരെ ആശങ്കയോടെയാണ് കണ്ടത്. ഈ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും മുന്‍പ് മറ്റൊരു അജ്ഞാതബോട്ട് കണ്ടെന്ന വിവരം സുരക്ഷാസേനകളിലടക്കം ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.
ഇറാന്‍ ബോട്ടിലുള്ളവര്‍ കടല്‍വഴി സഞ്ചരിക്കുമ്പോള്‍ അവരുടെ കൈവശം ഉണ്ടായിരുന്ന ഉപഗ്രഹഫോണില്‍ നിന്ന് ഉള്‍പ്പടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ചില സംശയാസ്​പദമായ സംഭാഷണ ശകലങ്ങളാണ് ഇറാന്‍ ബോട്ടിന്റെ പിടികൂടലിന് വഴിവച്ചത്. എന്നാല്‍ ഇപ്പോള്‍ കണ്ടെന്ന് പറയപ്പെടുന്ന ബോട്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തത് അന്വേഷണ ഏജന്‍സികളെയും വലയ്ക്കുന്നുണ്ട്.
കടല്‍വഴിയുള്ള ഭീകരാക്രമണ സാധ്യതകള്‍ മുന്‍നിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സേനാ അംഗങ്ങള്‍ക്കുള്ള പരിശീലനവും ആധുനിക നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയാല്‍ മാത്രമേ കുറ്റമറ്റരീതിയില്‍ തീരസംരക്ഷണം നടപ്പിലാക്കാന്‍ സാധിക്കൂവെന്ന് ഈ സംഭവം തെളിയിക്കുന്നു.

More Citizen News - Thiruvananthapuram