ആദ്യ മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്താകാന്‍ അരുവിക്കര ഒരുങ്ങുന്നു

Posted on: 14 Sep 2015അരുവിക്കര: അരുവിക്കര പഞ്ചായത്തില്‍ നല്ല ഭക്ഷണം മാത്രം നല്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ ആദ്യ മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി അരുവിക്കരയെ മാറ്റാനാണ് ശ്രമം. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞദിവസം അരുവിക്കര പഞ്ചായത്തില്‍ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അനുപമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മായം കലര്‍ന്നതും വൃത്തിഹീനവുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കി, ആഹാരത്തിന് ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബോധവത്കരണം നടത്തും. ഭക്ഷ്യസുരക്ഷാ ആക്ടില്‍ നിര്‍വചിക്കുന്ന നിലവാരത്തില്‍, ഭക്ഷണങ്ങള്‍ പാകംചെയ്യാനും നിര്‍മ്മിക്കാനും ഭക്ഷണപദാര്‍ഥങ്ങള്‍ വില്പന നടത്തുന്നവര്‍ക്ക് പരിശീലനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. എല്ലാ സ്‌കൂളുകളിലും ഭക്ഷ്യസുരക്ഷാ പരിശീലനം നല്‍കും.

ഹോട്ടലുകളിലെ ഭക്ഷണം ഗുണനിലവാരമുള്ളതെന്ന് ഉറപ്പാക്കാന്‍ പരിശോധനയുണ്ടാകും. പരീക്ഷണാടിസ്ഥാനത്തില്‍ അരുവിക്കരയില്‍ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും എം.എല്‍.എ. പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ഹക്കീമും പങ്കെടുത്തു.

More Citizen News - Thiruvananthapuram