ശാപമോക്ഷമില്ലാതെ പറമ്പുവിളാകം- തെങ്ങുവിള റോഡ്‌

Posted on: 14 Sep 2015വെമ്പായം: പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ നിര്‍മിച്ച റോഡിന് ഇപ്പോഴും ശാപമോക്ഷം ലഭിച്ചിട്ടില്ല. വെമ്പായത്ത് നിന്ന് പറമ്പുവിളാകം ക്ഷേത്രം, ഈന്തിക്കാട്, മുട്ടയം, തെങ്ങുവിള, നെട്ടറ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിനാണ് ഈ ശോച്യാവസ്ഥ.
ഈന്തിക്കാട് അങ്കണവാടിയിലേക്ക് അമ്മമ്മാരുടെ കൈപിടിച്ച് പോകുന്ന കുരുന്നുകളും പറമ്പുവിളാകം ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധം ഉന്നയിച്ചിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. പ്രദേശത്ത് പണ്ട് മുതലേ ഒരുപാട് വയലുകളുണ്ട്. എന്നാല്‍ ഈ വയലുകള്‍ മണ്ണിട്ട് നികത്തി നീര്‍ച്ചാലുകള്‍ ഇല്ലാതായപ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയാണ്. വെള്ളം കുഴികളില്‍ കെട്ടിനില്‍ക്കുകയാണ്. മഴക്കാലത്ത് ഈ കുഴികളില്‍ വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായി. കാല്‍നട പോലും അസാധ്യമായ അവസ്ഥയാണിപ്പോള്‍. ഇക്കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബം ഈ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട് സമീപത്തെ തോട്ടില്‍ വീണു. മഴ പെയ്ത് വെള്ളം കുടുതലുണ്ടായിരുന്ന ഈ തോട്ടില്‍നിന്ന് ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സമീപത്തെ കുന്നുകള്‍ ഇടിക്കുന്നതിനും നിലം മണ്ണിട്ട് നികത്തുന്നതിനുമായി എത്തുന്ന ടിപ്പറുകളാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഇവര്‍ പാറക്വാറിയില്‍ നിന്നുള്ള പാറ വേസ്റ്റ് ഈ കുഴികളിലിട്ട് പ്രശ്‌നം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.
അറുന്നൂറില്‍ അധികം കുടുംബങ്ങള്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതില്‍ അധികവും കര്‍ഷക കുടുംബങ്ങളാണ്. രാത്രിയില്‍ ആവശ്യത്തിന് വഴിവിളക്കുകള്‍ ഇല്ലാത്തതും ബുദ്ധിമുട്ടാകുന്നു. രോഗികളെയും കൊണ്ട് പോകുന്ന വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞതിനെ തുടര്‍ന്ന്! രോഗികളെ എടുത്തുകൊണ്ട് പോകുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്. റോഡ് ടാര്‍ ചെയ്യാമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

More Citizen News - Thiruvananthapuram