ഇരുന്നൂറോളം പേര്‍ നേത്രദാനത്തിനൊരുങ്ങി ശാസ്താംനട ഗ്രാമം

Posted on: 14 Sep 2015വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ ശാസ്താംനട ഗ്രാമത്തിലെ പൗരസമിതി 28-ാം ഓണാഘോഷം സാര്‍ത്ഥകമാക്കുന്നത് മഹത്തായ പ്രവര്‍ത്തനം നടത്താനൊരുങ്ങിക്കൊണ്ടാണ്. ഗ്രാമത്തിലെ ഇരുന്നൂറോളം പേര്‍ അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കുകയാണ്. ഗ്രാമവാസികള്‍ നല്‍കുന്ന ഈ കാരുണ്യപത്രം 20ന് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ മന്ത്രി ഷിബു ബേബിജോണ്‍, മൃതസഞ്ജീവനി മേധാവി ഡോ. നോബിള്‍ ഇഗ്നീഷ്യസിന് കൈമാറും. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചന്ദ്രബാബു പ്രഭാഷണം നടത്തും. നടന്‍ കൊച്ചുപ്രേമന്‍ മുഖ്യാതിഥിയായി എത്തും.
'മാതൃഭൂമി' ദിനപത്രത്തില്‍ അവയവദാനത്തെക്കുറിച്ച് വന്ന വാര്‍ത്തകളാണ് ഈ ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് പ്രചോദനമായത്. കൂലിപ്പണിക്കാരായ ഈ ചെറുപ്പക്കാര്‍, ഓരോ വീടും കയറിയിറങ്ങി അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു.
പൗരസമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ്, ആട്ടുതൊട്ടില്‍ ഉറിയടി മത്സരം, 'ആകാശത്തില്‍ തനിയെ' നാടകം എന്നിവ നടക്കും. പരിപാടിയുടെ ഭാഗമായി, പ്രേം സലീം 'പാമ്പിനെ സ്‌നേഹിക്കാം' എന്ന ബോധവത്കരണപരിപാടിയും അവതരിപ്പിക്കും.

More Citizen News - Thiruvananthapuram