വൈക്കം സത്യാഗ്രഹവും ഗാന്ധിജിയുടെ ആദ്യത്തെ അനന്തപുരി സന്ദര്‍ശനവും

Posted on: 14 Sep 2015തൊണ്ണൂറ് വര്‍ഷം മുമ്പാണ് അനന്തപുരിയില്‍ മഹാത്മാഗാന്ധിയുടെ കാല്‍പ്പാടുകള്‍ ആദ്യമായി പതിഞ്ഞത്.
അതിനുശേഷം ഇന്നോളം ഈ നഗരം എന്തെല്ലാം മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. രാജഭരണം ഐന്നന്നേക്കുമായി അവസാനിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'മുറജപം' ഒരു ചെറിയ ചടങ്ങായി മാറി. ദിവാന്‍പദവി 'മുഖ്യമന്ത്രി'ക്ക് വഴിമാറി. തിരുവിതാംകൂര്‍ തിരു-കൊച്ചിയും അത് പിന്നെ ഐക്യകേരളവും ആയി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഓര്‍മ മാത്രമായി. ഇന്ന് ലോകത്തില്‍ ഏറ്റവും സ്വര്‍ണനിക്ഷേപമുള്ള ആരാധനാലയമായി മാറിയ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കൂറ്റന്‍ കോട്ടയ്ക്കും കോട്ടവാതിലിനും മാത്രം മാറ്റമില്ല.
ഈ കോട്ടയും കോട്ടവാതിലുകളും കാലത്തിന്റെ കഥ പറയുന്നു. ഒരുകാലത്ത് ഇതിനകത്തേക്ക്, ഹിന്ദുസമുദായത്തില്‍ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന അവര്‍ണര്‍ക്ക് മുറജപകാലത്ത് പ്രവേശനമില്ലായിരുന്നു. അയിത്തമുള്ള ജാതിയില്‍പ്പെട്ട വക്കീലോ ഡോക്ടറോ ആര്‍ക്കായാലും ഇത് ബാധകമായിരുന്നു. അങ്ങനെയൊരു സംഭവമാണ് വൈക്കം സത്യാഗ്രഹത്തിന് വഴിതെളിച്ചത്.
ശ്രീമൂലംതിരുനാള്‍ മഹാരാജാവ് (1885-1924) ഭരിക്കുന്ന 1923ലെ മുറജപകാലത്താണ് അത് നടന്നത്. അന്ന് ജില്ലാ മജിസ്‌ട്രേട്ട് കോടതി പ്രവര്‍ത്തിച്ചിരുന്നത് കോട്ടയ്ക്കകത്ത് ആയിരുന്നു. മുറജപകാലത്ത് അവിടെയെത്തിയ വക്കീല്‍ പി.എന്‍.മാധവനോട് കോടതി വിട്ടുപോകാന്‍ ജില്ലാ മജിസ്‌ട്രേട്ട് ആജ്ഞാപിച്ചു. ഈഴവസമുദായത്തില്‍പ്പെട്ട മാധവന് അയിത്തം ഉണ്ടായിരുന്നതിനാലാണ് ഈ നടപടി. ഈ സംഭവം സവര്‍ണജാതിയില്‍പ്പെട്ടവരില്‍പ്പോലും ഞെട്ടലുണ്ടാക്കി. വ്രണിതഹൃദയനായ വക്കീല്‍ മാധവന്‍ ഇതുസംബന്ധിച്ച് സമൂഹ്യപ്രവര്‍ത്തകനായ ടി.കെ.മാധവനോട് പരാതി പറഞ്ഞു. ടി.കെ.മാധവന്‍ കോഴിക്കോട്ടെത്തി അന്നത്തെ കോണ്‍ഗ്രസ് നേതാവും 'മാതൃഭൂമി' പത്രാധിപരുമായ കെ.പി.കേശവമേനോനോട് ഇതേപ്പറ്റി ആലോചിച്ചു. ഇതേത്തുടര്‍ന്നാണ് ആ വര്‍ഷം കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടനപ്രമേയം ടി.കെ.മാധവന്‍ അവതരിപ്പിച്ചത്. ഇതാണ് പിന്നീട് വൈക്കം സത്യാഗ്രഹമായി മാറിയത്. ക്ഷേത്രവഴികളിലൂടെ സമസ്ത ഹിന്ദുക്കള്‍ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു 1924ലെ ആ സമരം.
ഇന്ത്യയൊട്ടാകെയുള്ള നേതാക്കളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രദ്ധപിടിച്ചുപറ്റിയതാണ് വൈക്കം സത്യാഗ്രഹം. ഇതിനോടനുബന്ധിച്ചാണ് ധാരാളം ദേശീയനേതാക്കള്‍ വൈക്കം സന്ദര്‍ശിച്ചത്. സത്യാഗ്രഹത്തോനടുബന്ധിച്ച് കെ.പി.കേശവമേനോന്‍, ടി.കെ.മാധവന്‍, ഇ.വി.രാമസ്വാമി നായ്ക്കന്‍ തുടങ്ങിയ എത്രയോ നേതാക്കള്‍ ജയിലിലായി. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേര്‍തിരിഞ്ഞുകിടന്ന കേരളത്തിന്റെ രാഷ്ട്രീയത്തെ, ആദ്യമായി ഒന്നായി ചലനാത്മകമാക്കിയ സമരവും വൈക്കം സത്യാഗ്രഹമാണ്. മലബാറില്‍ രൂപവത്കരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിയെങ്കിലും 'മലബാര്‍ കലാപ'ത്തോടെ അതിന്റെ പ്രവര്‍ത്തനം തളര്‍ന്നിരുന്നു. എന്നാല്‍, വൈക്കം സത്യാഗ്രഹത്തോടെയാണ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കേരളത്തിലാകമാനം ചലനാത്മകമായത്.
വൈക്കം സത്യാഗ്രഹം തുടങ്ങിയത് ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. എന്നാല്‍, ഏതാനും മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ഇതേത്തുടര്‍ന്ന് അടുത്ത ഭരണാധികാരിയായ ശ്രീചിത്തിരതിരുനാളിന് പ്രായം തികയാത്തതിനാല്‍ റീജന്റ് ആയി സേതുലക്ഷ്മിബായിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചു. ഈസമയം സത്യാഗ്രഹം കൂടുതല്‍ ശക്തമായി. ഈ സമയത്താണ് സത്യാഗ്രഹത്തിന്റെ പ്രചാരണാര്‍ഥം ഗാന്ധിജി വൈക്കത്ത് എത്തിയത്. 1925 മാര്‍ച്ച് 8ന് ഗാന്ധിജി കൊച്ചിയിലെത്തി. ഇത് അദ്ദേഹത്തിന്റെ രണ്ടാം കേരള സന്ദര്‍ശനമായിരുന്നു. ആദ്യ സന്ദര്‍ശനം 1920 ആഗസ്ത് 18ന് കോഴിക്കോട്ട് 'ഖിലാഫത്ത്' പ്രചാരണാര്‍ഥമായിരുന്നു. അടുത്ത ദിവസംതന്നെ മംഗലാപുരം വഴി ഗാന്ധിജി തിരിച്ചുപോയി. മലബാര്‍ കലാപം രൂക്ഷമായ സമയത്ത് മലബാര്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം യാത്രതിരിച്ചതാണ്. എന്നാല്‍, വാള്‍ട്ടയര്‍ സ്റ്റേഷനില്‍െവച്ച് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ തടയുകയും യാത്രാനുമതി നിഷേധിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം നിരാശനായില്ല. മദ്രാസ്സിലെ പല പൊതുയോഗങ്ങളിലും ഗാന്ധിജി പ്രസംഗിച്ചു. ഹിന്ദു-മുസ്ലിം മൈത്രിക്ക് ഊന്നല്‍ നല്‍കിയും മലബാറിലെ സാമുദായികമൈത്രി പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയുമായിരുന്നു പ്രസംഗം.
ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒട്ടിയ വയറും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായിയെത്തിയ ഗ്രാമീണജനത അദ്ദേഹത്തിന്റെ മനസ് അലിയിപ്പിച്ചു. അതോടെയാണ് ഷര്‍ട്ടും ദോത്തിയും വലിച്ചെറിഞ്ഞ് മുട്ടോളമെത്തുന്ന മുണ്ട് മാത്രം ധരിച്ച് പുതിയ മനുഷ്യനായി ഗാന്ധിജി മാറിയത്. മധുരയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പ്രസംഗിക്കാനെത്തിയ ആ 'അര്‍ധനഗ്നനായ ഫക്കീറെ' കണ്ട് ജനം ഇളകിമറിഞ്ഞു. ഈ സംഭവത്തിനുശേഷമാണ് കേരളത്തിലെ രണ്ടാം സന്ദര്‍ശനാര്‍ഥം അദ്ദേഹം വൈക്കത്ത് എത്തുന്നത്. വൈക്കത്തുനിന്ന് വര്‍ക്കലയിലെത്തിയ ഗാന്ധിജി, അവിടത്തെ കൊട്ടാരത്തില്‍െവച്ച് റീജന്റ് മഹാറാണിയുമായും പിന്നീട് ശിവഗിരി മഠത്തില്‍െവച്ച് ശ്രീനാരായണഗുരുവുമായും സംഭാഷണം നടത്തി. ശിവഗിരിമഠത്തിലാണ് അദ്ദേഹം താമസിച്ചത്.
വര്‍ക്കലയില്‍െവച്ച് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ഗാന്ധിജിക്ക് മംഗളപത്രം സമര്‍പ്പിച്ചു. മറുപടിപ്രസംഗത്തില്‍ ശ്രീനാരായണഗുരുവിനെപ്പോലും വൈക്കം ക്ഷേത്രവഴികളില്‍ക്കൂടി സഞ്ചരിക്കാന്‍ അനുവദിക്കാത്ത അയിത്തം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിജി പറഞ്ഞു. 1925 മാര്‍ച്ച് 13-ാം തീയതി അദ്ദേഹം തിരുവനന്തപുരത്തെത്തി അമ്മ മഹാറാണി സേതുപാര്‍വതി ബായിയുമായും ബാലനായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുമായും സംഭാഷണം നടത്തി. ഗാന്ധിജിയുടെ സന്ദര്‍ശനം നഗരത്തെ ഇളക്കിമറിച്ചു. നാട്ടിന്‍പുറങ്ങളില്‍നിന്നുപോലും ആയിരക്കണക്കിന് ആളുകള്‍ ഗാന്ധിജിയെ കാണാന്‍ നഗരത്തിലെത്തിയിരുന്നു.
മഹാരാജാസ് കോളേജ്, എതിര്‍വശത്തുള്ള പെണ്‍പള്ളിക്കൂടം എന്നിവിടങ്ങളില്‍ പ്രസംഗിച്ച ശേഷം ഭക്തിവിലാസത്തിലെത്തി ദിവാനുമായി സംഭാഷണം നടത്തി. പിന്നീട് വൈകുന്നേരം തൈക്കാട്, ചാല എന്നിവിടങ്ങളിലൂടെ ഘോഷയാത്രയായി അദ്ദേഹം പുത്തന്‍ചന്ത മൈതാനത്തിലെത്തി പ്രസംഗിച്ചു. കന്യാകുമാരി സന്ദര്‍ശിച്ച ശേഷം മാര്‍ച്ച് 15നാണ് വൈക്കത്തേക്ക് ഗാന്ധിജി തിരിച്ചുപോയത്. ഗാന്ധിജിയുടെ സന്ദര്‍ശനം വൈക്കം സത്യാഗ്രഹത്തിന് പുതിയ ഉണര്‍വുനല്‍കി. വൈക്കം സത്യാഗ്രഹത്തിന്റെ ഒത്തുതീര്‍പ്പിനെ സംബന്ധിച്ചും ഗാന്ധിജിയുടെ ഇടപെടലുകളെ സംബന്ധിച്ചും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായിരുന്നു. അതിന്റെ തര്‍ക്കം ഇന്നും തുടരുന്നു.
അതേപ്പറ്റിയും അന്നത്തെ അജ്ഞാതമായ പല ചരിത്രസംഭവങ്ങളെപ്പറ്റിയും പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മേരി എലിസബത്ത് കിങ് എഴുതിയ പുതിയ പുസ്തകമാണ് 'ഗാന്ധിയന്‍ നോണ്‍ വയലന്റ് സ്ട്രഗിള്‍ ആന്‍ഡ് അണ്‍ടച്ചബിലിറ്റി ഇന്‍ സൗത്ത് ഇന്ത്യ' (Gandhian Nonviolent tSruggle and Untouchabiltiy in South India). ഗാന്ധിജിയുടെ വൈക്കത്തെ ഇടപെടലുകളുടെ സ്വാധീനവും അതേസമയം, ചിലര്‍ക്ക് അതുസംബന്ധിച്ചുണ്ടായ എതിരഭിപ്രായങ്ങളുമെല്ലാം ഈ പുസ്തകത്തിലുണ്ട്. അതുപോലെതന്നെ വൈക്കം സത്യാഗ്രഹം ദേശീയസമരമായി മാറിയപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാട്ടിയ നിസ്സഹരണത്തെപ്പറ്റിയുള്ള സൂചനകളും ഇതില്‍ പറയുന്നു. എന്നാല്‍, കൗതുകരമായ ഒട്ടേറെ സംഭവങ്ങള്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. അതിലൊന്നാണ് തമിഴ്‌നാട്ടിലെ 'പെരിയോര്‍' എന്നറിയപ്പെടുന്ന ഇ.വി.രാമസ്വാമി നായ്ക്കനുമായി ശ്രീമൂലംതിരുനാള്‍ മഹാരാജാവിനുണ്ടായിരുന്ന സൗഹൃദം. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത നായ്ക്കരെ കൈകാലുകള്‍ ബന്ധിച്ച് പൂജപ്പുര ജയിലില്‍ അടച്ചതിനെപ്പറ്റി അന്ന് ജയിലിലുണ്ടായിരുന്ന കെ.പി.കേശവമേനോന്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, മുമ്പ് മദ്രാസിലെ ഈറോഡില്‍െവച്ച് ശ്രീമൂലം തിരുനാള്‍, നായ്ക്കരുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നും(നായ്ക്കര്‍ അന്ന് ഈറോഡ് മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കാം) അതിനാല്‍ വൈക്കത്ത് എത്തുന്നതിനുമുമ്പ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പോലീസ് കമ്മിഷണറേയും ദിവാന്‍ പേഷ്‌കാരേയും മഹാരാജാവ് അയച്ചുവെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
ഈ ഇംഗ്ലീഷ് പുസ്തകത്തിന്റെ വരവോടുകൂടി വൈക്കം സത്യാഗ്രഹം ലോകത്തിന്റെ പല ഭാഗങ്ങളിലും ചര്‍ച്ചാവിഷയമാകാന്‍ പോകുന്നു. സപ്തംബര്‍ 16ന് വൈകുന്നേരം ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മേരി എലിസബത്ത് കിങ്തന്നെ എത്തുന്നുണ്ട്. അന്ന് വായനക്കാരുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി പറയും.

More Citizen News - Thiruvananthapuram