വര്‍ക്കലയില്‍ ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നു

Posted on: 14 Sep 2015വര്‍ക്കല: പൈപ്പ് മാറ്റലും അറ്റകുറ്റപ്പണികളും വൈദ്യുതി മുടക്കവും കാരണം വര്‍ക്കലയിലും സമീപപ്രദേശങ്ങളിലും ആഴ്ചകളോളം ശുദ്ധജലവിതരണം മുടങ്ങുന്നു. കഴിഞ്ഞ രണ്ടുമാസമായി കടുത്ത ശുദ്ധജലക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പൈപ്പുവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. സ്ഥിരമായി വെള്ളമില്ലാത്തതിന് ജലഅതോറിറ്റി വിവിധ കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടാത്തതില്‍ ജനങ്ങളാകെ പ്രതിഷേധത്തിലാണ്. ഒരാഴ്ച മുമ്പ് മണമ്പൂര്‍ എം.എല്‍.എ പാലത്തിന് സമീപം വര്‍ക്കല ഭാഗത്തേക്കുള്ള ജലവിതരണപൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് കുടിവെള്ളം മുടങ്ങിയിരുന്നു. വാമനപുരം സ്‌കീമിലെ പ്രധാന ജലവിതരണപൈപ്പാണ് പൊട്ടിയത്. മൂന്ന് ദിവസം വെള്ളം കാണില്ലെന്നാണ് ജലഅതോറിറ്റി അറിയിച്ചിരുന്നതെങ്കിലും എല്ലാഭാഗത്തും വെള്ളമെത്താന്‍ ഒരാഴ്ചയെടുത്തു. വര്‍ക്കല നഗരസഭക്ക് പുറമേ വെട്ടൂര്‍, ഇടവ, ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍, നാവായിക്കുളം, മണമ്പൂര്‍, ഒറ്റൂര്‍ എന്നീ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി.
പണിതീര്‍ത്ത് ശുദ്ധജലവിതരണം പുനഃസ്ഥാപിച്ച് ദിവസങ്ങള്‍ക്കകം വൈദ്യുതിത്തകരാര്‍ കാരണം കഴിഞ്ഞദിവസം വീണ്ടും പമ്പിങ് നിലച്ചു. രണ്ടിടത്ത് 11 കെ.വി. ലൈന്‍ പൊട്ടിവീണ് ആറ്റിങ്ങല്‍ പമ്പ്ഹൗസിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. അവനവഞ്ചേരി സബസ്റ്റേഷനിലെ ബ്രേക്കറും തകരാറിലായതോടെ 24 മണിക്കൂര്‍ വൈദ്യുതി മുടങ്ങി. ഇതുകാരണം പമ്പിങ് നടത്താന്‍ കഴിയാതായതോടെ വീണ്ടും ജലക്ഷാമമായി. ശനിയാഴ്ച രാത്രി പമ്പിങ് തുടങ്ങി ഞായറാഴ്ച രാവിലെ ജലവിതരണം ആരംഭിച്ചെങ്കിലും 10.30ന് വീണ്ടും വൈദ്യുതി തടസ്സമുണ്ടായി. 1.30നാണ് വൈദ്യുതി തടസ്സം മാറിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലവിതരണം ആരംഭിച്ചാലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താന്‍ ഇനിയും രണ്ട് ദിവസം വേണ്ടിവരുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. മണമ്പൂരില്‍ പൈപ്പ് പൊട്ടിയശേഷം നാവായിക്കുളം, മണമ്പൂര്‍ ഭാഗങ്ങളില്‍ ഇതുവരെ വെള്ളംകിട്ടിയിട്ടില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞമാസം 22 ദിവസം ഇവിടെ വെള്ളം കിട്ടിയിരുന്നില്ല. മുല്ലശ്ശേരുക്കുന്ന് മുതല്‍ തെറ്റിക്കുളം വരെയുള്ള ഭാഗത്തെ ജോലികള്‍ തിരുവനന്തപുരം പ്രോജക്ട് വിഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
വര്‍ക്കലയില്‍ ജലവിതരണം മുടങ്ങുന്നത് പതിവായിരിക്കയാണ്. കര്‍ക്കടക വാവിന് മുമ്പുള്ള ദിവസങ്ങളില്‍ പൈപ്പ് മാറ്റുന്ന ജോലികാരണം ഒരാഴ്ചയോളം വെള്ളംകിട്ടിയില്ല. ഓണക്കാലത്തും യഥാസമയം വെള്ളമെത്തിക്കുന്നതില്‍ വീഴ്ചയുണ്ടായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൈപ്പ് വെള്ളത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിടേണ്ട അവസ്ഥയാണ്. പലരും ടാങ്കറില്‍ വെള്ളമെത്തിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. പൈപ്പ് മാറ്റുന്ന ജോലിനടക്കുമ്പോഴും പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്. വട്ടപ്ലാംമൂട്-നരിക്കല്ല് മുക്ക് റോഡിലും മരക്കടമുക്ക്-രഘുനാഥപുരം റോഡിലും ഇത് കാണാം. ജലവിതരണം സ്ഥിരമായി മുടങ്ങുന്നത് ജനങ്ങളില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ് ഉണ്ടാക്കുന്നത്. ജലഅതോറിറ്റി ഓഫീസില്‍ പരാതിയുമായി എത്തുന്നവര്‍ ഏറെയാണ്. പെപ്പ്മാറ്റലുള്‍പ്പെടെയുള്ള ജോലികള്‍ നടക്കുമ്പോഴും ഏറ്റവും അത്യാവശ്യമായ കുടിവെള്ളം യഥാസമയം എത്തിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടാകുന്നതായി പരാതി വര്‍ധിക്കുകയാണ്.

More Citizen News - Thiruvananthapuram