അപകടക്കെണിയായി റോഡിലെ വെള്ളക്കെട്ട്‌

Posted on: 14 Sep 2015വെള്ളറട: മഴയെത്തിയതോടെ പ്രധാന റോഡുകളില്‍ പലയിടത്തും വന്‍തോതില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു.
ദിവസേന നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.
വെള്ളറട-കുന്നത്തുകാല്‍ റുട്ടില്‍ കൂനമ്പന ജങ്ഷന് സമീപവും മുള്ളിലവുവിള-നിലമാമൂട് റൂട്ടില്‍ മാവുവിളയിലും രൂപപ്പെട്ട വെള്ളക്കെട്ടുകളാണ് അപകടക്കെണിയാകുന്നത്. ഈ പ്രദേശങ്ങളില്‍ ഓടകള്‍ ഇല്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴ പെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാലും ഈ ഭാഗങ്ങളില്‍ വെള്ളം തങ്ങിനില്‍ക്കുന്നതും പതിവാണ്. ഇക്കാരണത്താല്‍ ഇവിടെ വന്‍കുഴികളും രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡുകളില്‍ വെള്ളം തങ്ങി നില്‍ക്കുന്ന ഭാഗത്താണ് അപകടങ്ങളില്‍ ഏറിയപങ്കും നടക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നവരില്‍ അധികവും. കുഴികളില്‍ അകപ്പെടാതെ ഒഴിഞ്ഞുപോകുന്ന വാഹനങ്ങള്‍ കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. കൂടാതെ വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ ചെളികലര്‍ന്ന മലിനജലം കാല്‍നടക്കാരുടെ ദേഹത്ത് തെറിപ്പിച്ചാണ് കടന്നുപോകുന്നത്. മാവുവിളയില്‍ വെള്ളക്കെട്ടിന് സമീപത്തെ കുഴല്‍ക്കിണറിന്റെ ഉപയോഗശൂന്യമായ പൈപ്പും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്നുണ്ട്.
റോഡുവക്കിലെ അനധികൃത കൈയേറ്റവും ഇരുവശത്തും ഓട നിര്‍മിക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും റോഡുകള്‍ പൊട്ടിപ്പൊളിയുന്നത് തടയാനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Thiruvananthapuram