കര്‍ഷകത്തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കുന്നുവെന്ന് ആരോപണം

Posted on: 14 Sep 2015മലയിന്‍കീഴ്: സര്‍ക്കാര്‍ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സര്‍വീസ് പെന്‍ഷന്‍ ലഭിക്കാത്ത സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേനയാണ് വിതരണം ചെയ്യുന്നത്. ഒന്നിലധികം പെന്‍ഷനുകള്‍ ഒരാള്‍ക്ക് നല്‍കാനാവില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് സമിതികള്‍ കര്‍ഷകത്തൊഴിലാളിക്ക് വാര്‍ധക്യകാല പെന്‍ഷന്‍ നിഷേധിക്കുന്നു എന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ മറ്റ് പെന്‍ഷന്‍ പറ്റുന്നവര്‍ക്കും ഒരു ലക്ഷം രൂപ വരുമാന പരിധിക്കുള്ളിലാണെങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കര്‍ഷകത്തൊഴിലാളിക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുമ്പോഴും വിരമിക്കുമ്പോഴും ശമ്പളമായും പെന്‍ഷനായും ഉദ്യോഗസ്ഥര്‍ക്കായി നികുതിപ്പണം ചെലവഴിക്കുന്നു. എന്നാല്‍ സ്വന്തം അധ്വാനത്തില്‍ നിന്നും നികുതി നല്‍കുന്ന മറ്റു സാധാരണക്കാര്‍ വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍ അശരണരായി തീരുകയാണ്. ഇവര്‍ക്ക് താങ്ങാകേണ്ട സര്‍ക്കാര്‍ ന്യായമായ പെന്‍ഷന്‍ നല്‍കാതെ മുതിര്‍ന്ന പൗരന്‍മാരെ അവഗണിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. വയോജന വകുപ്പും വയോജന കമ്മിഷനും രൂപവത്ക്കരിക്കണമെന്നതുള്‍പ്പെടെ 10 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന സര്‍ക്കാരിന് നിവേദനം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ്.രഘു, ജനറല്‍ സെക്രട്ടറി കാവിന്‍പുറം ബാലകൃഷ്ണന്‍, ജില്ലാപ്രസിഡന്റ് കള്ളിക്കാട് സേതുഖാന്‍, സെക്രട്ടറി പൊറ്റയില്‍ കരുണാകരന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram