എസ്.ബി.ടി. എഴുപതാം പിറന്നാള്‍ ആഘോഷിച്ചു

Posted on: 13 Sep 2015തിരുവനന്തപുരം: സേവനത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ട സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പിറന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന പിറന്നാള്‍ ആഘോഷച്ചടങ്ങ് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി ഉദ്ഘാടനം ചെയ്തു. ഇബാങ്കിങ്ങിന്റെ ഇന്നത്തെ കാലത്ത് ബാങ്കിങ് രംഗത്ത് മനുഷ്യത്വം കൈമോശം വരരുതെന്ന് ഗൗരി പാര്‍വതി ബായി ഓര്‍മിപ്പിച്ചു. ബാങ്കുകളുടെ ആധുനികീകരണം അറിയാത്ത നിരവധി സാധാരണക്കാര്‍ ഇന്നുമുണ്ട്. അവരെ മറക്കരുത്. സ്‌റ്റേറ്റ് ബാങ്കിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള തനിക്ക് എസ്.ബി.ടി. സ്വന്തം ബാങ്കാണെന്ന് ഗൗരി പാര്‍വതി ബായി പറഞ്ഞു.

മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ അധ്യക്ഷനായിരുന്നു. എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബാങ്ക് സപ്തതരംഗിണി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഗൗരി പാര്‍വതി ബായി നിര്‍വഹിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ., ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ നിര്‍മല്‍ചന്ദ്, എസ്.ബി.ടി. ചീഫ് ജനറല്‍ മാനേജര്‍മാരായ ഇ.കെ.ഹരികുമാര്‍, ആദികേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ലൈബ്രറി നവീകരണം, എഴുന്നൂറാം അക്ഷയ കേന്ദ്രത്തിന്റെ സമര്‍പ്പണം, മുദ്ര ലോണ്‍ നല്‍കല്‍, പഴക്കമുള്ള ഇടപാടുകാരെ ആദരിക്കല്‍, ഗുരുക്കന്മാരെ ആദരിക്കല്‍, സ്വയംസഹായ സംഘങ്ങള്‍ക്ക് അവാര്‍ഡ് നല്‍കല്‍ തുടങ്ങിയ പരിപാടികളും നടന്നു. എഴുപതാം പിറന്നാളിന്റെ സൂചകമായി ഏഴ് പ്രാവുകളെ പറത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

More Citizen News - Thiruvananthapuram