നഗരസഭ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

Posted on: 13 Sep 2015ആറ്റിങ്ങല്‍: മാമം കാലിച്ചന്ത പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതി വിധി നഗരസഭയ്‌ക്കെതിരായിട്ടും നഗരസഭാധികൃതര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ജനതാദള്‍(യു) ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്.സന്തോഷ് പറഞ്ഞു. വാദികളുടെ അവകാശം അംഗീകരിച്ചതുകൊണ്ടാണ് നഗരസഭയ്ക്ക് ഭൂമിയില്‍ കാലിച്ചന്ത നടത്താനല്ലാതെ മറ്റൊന്നിനും പ്രവേശിക്കാനാവില്ലെന്ന് വിധിയില്‍ വ്യക്തമാക്കിയത്. വാദികളുടെ കോടതിച്ചെലവ് നഗരസഭ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നഗരസഭയ്ക്ക് ഭൂമിയില്‍ അവകാശമില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് തീര്‍പ്പാക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'സെറ' നടത്തിയ ശ്രമത്തെ നഗരസഭ ആക്ഷേപിക്കുകയാണുണ്ടായതെന്നും സന്തോഷ് ചൂണ്ടിക്കാട്ടി.

പഞ്ചായത്തുകള്‍ക്ക് അഭിനന്ദനം

ആറ്റിങ്ങല്‍:
ആരോഗ്യ കേരളം പദ്ധതിയുടെ പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റൂര്‍, കിളിമാനൂര്‍ പഞ്ചായത്തുകളെ ബി.സത്യന്‍ എം.എല്‍.എ. അഭിനന്ദിച്ചു. ജില്ലയില്‍ രണ്ടാം സ്ഥാനം കിളിമാനൂര്‍ പഞ്ചായത്തിനാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 15 ലക്ഷത്തിലധികം രൂപ ചെലവിട്ട് മാതൃകാ കേന്ദ്രമാക്കി മാറ്റുകയാണ് പഞ്ചായത്ത് ചെയ്തത്. പഞ്ചായത്തില്‍ പാലിയേറ്റീവ് കെയറിനായി വാഹനം അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ. ചൂണ്ടിക്കാട്ടി.

പുതിയ മന്ദിരത്തിന് കല്ലിട്ടു

ആറ്റിങ്ങല്‍:
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ മന്ദിരത്തിന് ബി.സത്യന്‍ എം.എല്‍.എ. കല്ലിട്ടു. പെണ്‍സൗഹൃദമുറികളുടെ ഉദ്ഘാടനവും നഗരസഭ നല്‍കിയ ഫര്‍ണിച്ചറിന്റെ വിതരണവും ഇതോടൊപ്പം നടന്നു. പി.ടി.എ. പ്രസിഡന്റ് കെ.മുരളികുമാര്‍ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷ എസ്.കുമാരി, ഉപാധ്യക്ഷന്‍ എം.പ്രദീപ്, പി.പ്രേമകുമാരി, പി.ഉണ്ണികൃഷ്ണന്‍, എസ്.മനോമോഹന്‍, വി.എസ്.പ്രദീപ്, ജി.ഷീല എന്നിവര്‍ പങ്കെടുത്തു. സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 1.42കോടി രൂപ ചെലവിട്ട് വിദ്യാഭ്യാസ വകുപ്പാണ് കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്നത്.


യൂണിറ്റ് സമ്മേളനം

ആറ്റിങ്ങല്‍:
പട്ടികജാതി-പട്ടികവര്‍ഗ ഐക്യശക്തി ഊരൂര്‍ക്കോണം യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് വാമനപുരം കെ.രാജു ഉദ്ഘാടനം ചെയ്തു. ഇളവട്ടം പി.ശ്രീധരന്‍, മിതൃമ്മല ചന്ദ്രന്‍, കൊച്ചുകലുങ്ക് ബാലന്‍, മലരുപാറ രഘു എന്നിവര്‍ പങ്കെടുത്തു.

സൗജന്യ തൊഴില്‍ പരിശീലനം

ആറ്റിങ്ങല്‍:
ഗവ.പോളി ടെക്‌നിക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ സൗജന്യ തൊഴില്‍ പരിശീലനം നടത്തുന്നു. ചിറയിന്‍കീഴ് സഭവിള ശ്രീനാരായണഗുരു ആശ്രമത്തില്‍ സഞ്ചി നിര്‍മാണം, തോന്നയ്ക്കല്‍ എന്‍.എസ്.എസ്. കരയോഗം, കിഴക്കനേല ഇസ്ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ വസ്ത്ര നിര്‍മാണം എന്നിവയിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

More Citizen News - Thiruvananthapuram