കടമ്പറക്കോണം പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു

Posted on: 13 Sep 2015ദുരിതംപേറി ഗ്രാമങ്ങള്‍


വെഞ്ഞാറമൂട്:
എല്ലാ ഗ്രാമസഭ കൂടുമ്പോഴും കടമ്പറക്കോണം പാലമായിരിക്കും മുഖ്യ അജണ്ട. പക്ഷേ പദ്ധതിവിഹിതം വരുമ്പോള്‍ കടമ്പറക്കോണം പാലംമാത്രം കാണില്ല. പത്ത് ഗ്രാമങ്ങളിലെ ജനങ്ങള്‍ പാലത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. എന്നാല്‍ അനുകൂലമായ ഒരു തീരുമാനം ഒരിടത്തുനിന്നും ഉണ്ടായില്ല. ഇവിടെ ഒരു പാലമില്ലാത്തതിന്റെ ദുരിതം വന്നുകണ്ടാലേ മനസ്സിലാകുകയുള്ളു.
കാന്തലക്കോണം, കടമ്പറക്കോണം പ്രദേശങ്ങളുടെ പ്രധാന ആവശ്യമാണ് കടമ്പറക്കോണം പാലം. ഇരുവശത്തും റോഡ് വന്ന് നില്‍പ്പുണ്ട്. പക്ഷേ പാലം ഉെണ്ടങ്കിലേ മറുകര കയറാന്‍ കഴിയുകയുള്ളൂ.
വേനല്‍കാലത്തുമാത്രമേ ഈ തോട്ടില്‍ വെള്ളം കുറവുള്ളു. ആ സമയത്ത് വളരെ സാഹസപ്പെട്ട് മറുകര കയറാം. എന്നാല്‍ ചെറിയ മഴ പെയ്താല്‍ പോലും തോട്ടില്‍ മലവെള്ളപ്പാച്ചിലാണ്. നീന്തലറിയാവുന്നവര്‍ക്ക് പോലും മറുകര കയറുന്നത് സാഹസമാണ്. ഇതില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. തോട് മുറിച്ച് കടക്കേണ്ട സ്ഥലത്ത് വളരെ ആഴമാണ്. മാത്രമല്ല വഴുക്കലുള്ള പാറക്കെട്ടുകളും പോളച്ചുഴികളും ഇവിടെയുണ്ട്. കാന്തലക്കോണം കോളനിയിലുള്ളവര്‍ക്ക് നെല്ലനാട് ചന്തയില്‍ പോകാനും ഗോകുലം മെഡിക്കല്‍ കോളേജില്‍ പോകാനും ഈ തോട് കടന്നേ മതിയാകുകയുള്ളു. കാന്തലക്കോണം, നാലേക്കര്‍ ഗ്രാമങ്ങളിലെ കുട്ടികളാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. നെല്ലനാട് സ്‌കൂളില്‍ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ തലയ്ക്കു ചുമന്നാണ് മറുകരയെത്തിക്കുന്നത്. മഴ ശക്തമായാല്‍ വെള്ളമിറങ്ങുന്നതുവരെ ആഴ്ചകളോളം അവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല.
ഇവിടെ പാലം ഇല്ലാത്തതുകൊണ്ട് കുട്ടികളെ വിടാന്‍ ഭയപ്പെടുന്ന രക്ഷിതാക്കള്‍ നെല്ലനാട് സ്‌കൂളില്‍നിന്ന് മാറ്റി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വെള്ളുമണ്ണടി സ്‌കൂളിലേക്ക് വരെ മാറ്റിക്കൊണ്ടുപോയിട്ടുണ്ട്.
തൊട്ടടുത്ത് കിടക്കുന്ന ഗോകുലം മെഡിക്കല്‍ കോളേജില്‍ 20 രൂപ കൊടുത്ത് ഓട്ടോയില്‍ പോകാനുള്ളവര്‍ വെഞ്ഞാറമൂട് ടൗണ്‍ ചുറ്റി 200 രൂപ കൊടുത്ത് ഓട്ടോയില്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്.
കാന്തലക്കോണം, കടമ്പറക്കോണം, നാലേക്കര്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് ചന്ത, കൃഷി, ആശുപത്രി, സ്‌കൂള്‍, വായനശാല, പ്രധാന ബസ് സ്റ്റോപ്പ്, കടകള്‍, ഇഷ്ടികച്ചൂളകളിലെ പണി തുടങ്ങി ഒട്ടുമിക്ക ആവശ്യത്തിനും പോകേണ്ടത് നെല്ലനാട്ടാണ്. അതുകൊണ്ട് ഒരു പാലം കൂടിയേ തീരൂ. ഈ നാലുഗ്രാമങ്ങള്‍ക്ക് പുറമെ ഭൂതമടക്കി, കരിഞ്ചാത്തി, പണിക്കരുകോണം തുടങ്ങിയ പത്തോളം ഗ്രാമങ്ങള്‍ക്കും ഈ പാലം ഏറെ ഗുണം ചെയ്യും.
ത്രിതല പഞ്ചായത്തുകള്‍ക്ക് ഒരു പദ്ധതി വിഹിതത്തില്‍ നടപ്പാക്കാവുന്ന ഒരു കാര്യം മാത്രമാണ് കടമ്പറക്കോണം പാലം, പക്ഷേ അതിന് അധികൃതര്‍ മനസ്സുകൂടി െവയ്ക്കണമെന്നതാണ് സത്യം.
ഇതുകൂടാതെ എം.എല്‍.എ. ഫണ്ട്, എം.പി. ഫണ്ട് എന്നിവ കൊണ്ടും മെച്ചപ്പെട്ട ഒരു പാലം പത്ത് ഗ്രാമങ്ങളിലുള്ളവര്‍ക്ക് നല്‍കാവുന്നതാണ്.

More Citizen News - Thiruvananthapuram