പട്ടികള്‍ക്ക് പാര്‍ക്കാന്‍ ഒരു മുന്തിരിത്തോപ്പ്‌

Posted on: 13 Sep 2015പൂയില്യനെ ഓര്‍മയില്ലേ? എം.പി.നാരായണപിള്ളയുടെ പരിണാമം എന്ന നോവലിലെ വ്യത്യസ്തനായ കഥാപാത്രത്തെ. പൂയത്തിനും ആയില്യത്തിനുമിടയില്‍ പിറന്നവന്‍ പൂയില്യന്‍. പിറന്നുവീണപ്പോള്‍ തന്നെ വീട്ടിലുണ്ടായിരുന്ന ചട്ടുകാലന്‍ നായ പുറപ്പെട്ടുപോയി. പൂയില്യന്റെ അച്ഛന്‍ കണിയാരെക്കണ്ട് ജാതകം നോക്കി. പൂയില്യനും നായകള്‍ക്കുമിടയിലെ രസതന്ത്രം എത്ര ആലോചിച്ചിട്ടും കണ്ടെത്താനായില്ല. പൂയില്യന്‍ രാത്രിയിലേ നാട്ടിലിറങ്ങൂ. പൂയില്യനെ കണ്ടാല്‍ നായകള്‍ വിറളികൊള്ളും. ഭയന്ന് പിന്‍മാറും. ചിലത് ഓടിയൊളിക്കും. പൂയില്യന്‍ വിളിച്ചാല്‍ ഏതു നായയും വിളിപ്പുറത്തെത്തും. പക്കപ്പിറന്നാളിന്റെ രാത്രികളില്‍ അവന്‍ കൊന്നൊടുക്കിയ നായകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. അനന്തപുരിയിലെ നായശല്യം ഓര്‍ത്തപ്പോഴാണ് പൂയില്യവിചാരം ഉണ്ടായത്. ഇവിടെയും ഒരു പൂയില്യസേവ വേണ്ടിവരുമെന്നാണ് കണിയാര് കവടിനിരത്തി പറയുന്നത്.
അഖിലലോക പട്ടിപ്രേമികളേ, ശുനകശല്യംകൊണ്ട് പൊറുതിമുട്ടിയ ഇക്കാണായ ലോകത്തെ സാദാ ജനങ്ങളേ... നിങ്ങളെ തെര്യപ്പെടുത്തുവാന്‍ വേണ്ടിമാത്രം കുറിക്കുന്നത്...ഈയിടെ സെക്രട്ടേറിയറ്റ് പടിക്കല്‍ പട്ടിപ്രേമികളും തെരുവുനായശല്യം കൊണ്ട് പൊറുതിമുട്ടിയവരും മുഖാമുഖം വന്ന നിമിഷം. ഒരു വമ്പിച്ച ക്രമസമാധാനപ്രശ്‌നമായി മാറിയേനെയെന്ന് പോലീസ് സേന സംശയിച്ച ആ മണിക്കൂറുകള്‍. നിങ്ങളൊന്നുകൂടി അറിയണം.
ഇവിടെ ഒരു നഗരസഭയുണ്ട്. മേയറുണ്ട്. കൗണ്‍സിലര്‍മാരുടെ പട തന്നെയുണ്ട്. കേരളത്തിലെ മേയര്‍മാരെയെല്ലാം നിലയ്ക്ക് നിര്‍ത്താനും അവരുടെ 'ആരാധ്യ' പദവി എടുത്തുകളയാനുംവേണ്ടി അഹോരാത്രം പ്രയത്‌നിച്ച ഒരു നഗരകാര്യമന്ത്രിയുണ്ട്. എപ്പോഴും ഉപദേശിച്ച് ഒപ്പം നടക്കുന്ന നല്ല പളപളപ്പുള്ള ഉദ്യോഗസ്ഥപ്പടയുമുണ്ട്. ഈ അണ്ഡകടാഹങ്ങളെല്ലാമുണ്ടായിട്ടും നിരത്തില്‍ പേടികൂടാതെ സാദാ ജനത്തിന് എന്തുകൊണ്ടാണ് ഇറങ്ങാന്‍ പറ്റാത്തത്. അപ്പോള്‍ ഒരുകാര്യം വ്യക്തം. ഇക്കൂട്ടങ്ങളുടെ ഉദ്ദേശ്യം നിങ്ങളെയൊന്നും സേവിക്കലല്ല. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കലാണ്.
തലസ്ഥാനനഗരത്തില്‍ സന്ധ്യകഴിഞ്ഞൊന്നിറങ്ങണം. അതായത് ഉദ്ഘാടനപരിപാടികളും വിളക്കുകൊളുത്തലും നാടമുറിക്കലുകളുമൊക്കെ കഴിഞ്ഞ് മേയറും മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ വീട്ടില്‍ ചേക്കേറുന്ന സമയം. ഈ നഗരത്തിന്റെ നിരത്തും തെരുവുമൊക്കെ നായ്ക്കള്‍ നിറയുന്ന സമയമാണത്. വാഹനത്തിരക്കൊന്ന് കഴിയുമ്പോള്‍ ഇക്കൂട്ടങ്ങളൊക്കെ റോഡിന് നടുക്ക് കിടക്കുന്നുണ്ടാകും. ഓടകളില്‍ സ്ലാബിന് ഉള്ളിലാണ് നായ്ക്കളുടെ സൂതഗൃഹം. പെറ്റുകിടക്കുന്ന നായ്ക്കൂട്ടത്തെ വഴിയാത്രക്കാരന്‍ തിരിച്ചറിയണമെന്നില്ല. രാത്രിയില്‍ അശ്രദ്ധമായി പോകുന്നയാളെ ഇവ മാരകമായി കടിച്ചു മുറിവേല്‍പ്പിച്ച സംഭവം എത്രയുണ്ടായി. അര്‍ധരാത്രി ജോലികഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നായ്ക്കളെ പേടിച്ച് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മേയറും മന്ത്രിമാരുമൊക്കെ വാഹനങ്ങളിലല്ലാതെ ഈ നഗരഹൃദയങ്ങളിലേക്ക് വരണം. മറ്റൊന്നിനുമല്ല ഇവയുടെ സ്വൈരവിഹാരമൊന്ന് കാണാന്‍വേണ്ടി മാത്രം. അപ്പോള്‍ അറിയാം ശുനകസേനയുടെ ഒരു ഏകദേശ കണക്ക്.
ഈ തെരുവുനായ്ക്കളൊന്നും കടിക്കാറില്ല, ഇവ വാഹനങ്ങളുടെ നേര്‍ക്ക് കുരച്ച് ചാടാറില്ല, ഇവ പാവം കുട്ടികളെ ഓടിക്കാറില്ല എന്നൊക്കെ പട്ടിപ്രേമികള്‍ പറയും. കാരണം അവരുടെ മടിയിലുള്ള വിദേശയിനം നായ്ക്കള്‍ പ്രായമാകുമ്പോള്‍ ഈ തെരുവിലുപേക്ഷിക്കപ്പെടുകയാണ് പതിവ്. നായ്ക്കളെയും നാല്‍ക്കാലികളെയും സ്‌നേഹിക്കുന്നത് നല്ലതുതന്നെയാണ്. അങ്ങനെ സ്‌നേഹിക്കുന്നവര്‍ അവയെ പരിപാലിക്കട്ടെ. ഈ കണ്ണീരൊഴുക്കുന്നവര്‍ ഒന്നുകൂടി അറിയണം. നഗരത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന ദുരന്തദൃശ്യങ്ങളിലൊന്നാണ് തെരുവുനായ്ക്കളുടെ ദാരുണാന്ത്യം. ലോറിയും ബസും കയറി ചതഞ്ഞരഞ്ഞ്, രക്തമൊലിപ്പിച്ച് റോഡിന് നടുക്ക് ചത്ത് മലച്ചുകിടക്കുന്ന നായ്ക്കളും അവയുടെ കുട്ടികളും.
അതുകൊണ്ട് പ്രിയ നായസ്‌നേഹികളേ, നിങ്ങളെല്ലാവരും ചേര്‍ന്ന് കഴിയുമെങ്കില്‍ ഇവിടത്തെ തെരുവുനായ്ക്കളെ പിടിച്ച് ഒരു പുനരധിവാസകേന്ദ്രമൊരുക്കൂ. അവയ്ക്ക് ഭക്ഷണം കൊടുത്ത് പരിപാലിക്കൂ. ഈ പാവം ജനങ്ങളെയും അവരുടെ കുട്ടികളെയുമൊക്കെ വിട്ടേക്കൂ.
ഇനി ഇവിടത്തെ നഗരസഭയെക്കുറിച്ച്... കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരിവിടെ ഘോരഘോരം വന്ധ്യംകരണശസ്ത്രക്രിയകള്‍ നടത്തുകയാണ്. നായ്ക്കളെ ഓടിച്ചിട്ട് പിടിച്ച് വന്ധ്യംകരിക്കുകയാണെന്നാണ് മേയറും എം.എല്‍.എ. യുമൊക്കെ മൃഗാശുപത്രിയില്‍ എത്തി സ്ഥിരീകരിക്കുന്നത്. വന്ധ്യംകരിക്കുന്നുണ്ടെങ്കില്‍ നായ്ക്കള്‍ പെറ്റുപെരുകുന്നു. അപ്പോളിവിടെ നടന്ന ശസ്ത്രക്രിയയും അതിന്റെ പേരില്‍ പൊടിച്ച കാശുമൊക്കെ ആരുടെ അക്കൗണ്ടിലാണ് ചേര്‍ക്കേണ്ടത്.
ഇവിടെ എല്ലാത്തിനും ചര്‍ച്ചയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും മേയറും സ്റ്റാന്‍ഡിങ് കമ്മിറ്റിയുമൊക്കെ കൂടി ചേര്‍ന്ന് ചര്‍ച്ചയോട് ചര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാലിന്യപ്രശ്‌നം ചര്‍ച്ചചെയ്യുന്നു. ഫലം, നഗരത്തിലെങ്ങും മാലിന്യക്കൂനകള്‍. തെരുവുനായ്ക്കളെ തട്ടണോ, വളര്‍ത്തണോ എന്ന കാര്യത്തില്‍ അഖണ്ഡനേര ചര്‍ച്ച ഈയിടെയും നടന്നു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എന്തായാലും അതും ഫലംചെയ്തു. നിരത്തിലെല്ലായിടത്തുമിപ്പോള്‍ തെരുവുനായ്ക്കളാണ്.
ഇപ്പോള്‍ തെരുവിലിറങ്ങിയാല്‍ കടി കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. കാറില്‍ കറങ്ങുന്നവര്‍ക്കല്ല, കാല്‍നടയാത്രികര്‍ക്കും ബൈക്ക് യാത്രികര്‍ക്കും. രക്തത്തിലെ പഞ്ചസാരയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ റോഡിലിറങ്ങിനടക്കുന്നവരും തെരുവുനായ്ക്കളുടെ ഭീഷണിയിലാണെന്ന കാര്യം ഓര്‍മപ്പെടുത്തിക്കൊള്ളട്ടെ. അവിടെയും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പേടിക്കേണ്ട. അവര്‍ക്ക് മ്യൂസിയവും ഔദ്യോഗികവസതിയുടെ ചുറ്റുപാടുകളും ഇപ്പോള്‍ പട്ടിവിമുക്തമാണ്. സ്‌കൂള്‍കുട്ടികളെ മാത്രമല്ല, വീട്ടില്‍ കിടന്നുറങ്ങുന്ന പിഞ്ചുപൈതലുകളെപ്പോലും തെരുവുനായ്ക്കള്‍ കടിച്ചു കീറുന്നു.
എന്തായാലും സര്‍ക്കാരിന്റെയും നഗരസഭയുടെയും ചര്‍ച്ച നടക്കട്ടെ... നായപ്രേമികള്‍ സോദാഹരണപ്രഭാഷണം നടത്തട്ടെ. എപ്പോഴും അങ്ങനെയാണല്ലോ... ദുരിതം പേറേണ്ടത് പാവപ്പെട്ടവരും സാധാരണക്കാരും.
ജനറല്‍ ആശുപത്രിയില്‍ പട്ടികടിയേറ്റ് കുത്തിവെപ്പെടുക്കാന്‍ വരുന്നവരും വോട്ടര്‍മാരാണ്. അധികാരത്തിന്റെ പളപളപ്പ് കഴിഞ്ഞ് വോട്ട് ചോദിച്ചെത്തേണ്ടത് ഇവരുടെ മുന്നിലേക്കാണെന്ന കാര്യം മറക്കരുത് പൊന്നുസാറന്മാരെ...
വാല്‍ക്കഷണം: എന്തരടേ ശിവാ റോഡ് മുഴുവന്‍ തെരുവുനായ്ക്കളെന്ന് കേക്കണല്ല് ?
തന്നെ തന്നെ. കോര്‍പ്പറേഷന്‍ പട്ടി ഇറച്ചി വിതരണം നടത്താന്‍ പോകുന്നുണ്ട് അണ്ണാ !

More Citizen News - Thiruvananthapuram