സര്‍ക്കാരിന്റേത് വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കുന്ന നിലപാട് - സൂസൈപാക്യം

Posted on: 13 Sep 2015

തിരുവനന്തപുരം:
സ്വപ്‌നപദ്ധതിയാണെന്ന് കരുതിയ വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂെസെപാക്യം.മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിക്കൊണ്ടാണോ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരള ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച 'വിഴിഞ്ഞം വാണിജ്യ തുറമുഖവും മത്സ്യമേഖലാ പ്രശ്‌നങ്ങളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറമുഖ ചര്‍ച്ചകളുടെ പ്രാരംഭത്തില്‍ പതിനായിരക്കണക്കിന് പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നാമമാത്രമായി. മത്സ്യത്തൊഴിലാളികളെ അവഗണിച്ചുകൊണ്ടുള്ള പദ്ധതിയാണിത്. മത്സ്യബന്ധനം മാത്രം ഉപജീവന മാര്‍ഗമായാക്കിയ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി നിരോധിതമേഖലയാക്കി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പുല്ലുവിള സ്റ്റാലിന്‍ അദ്ധ്യക്ഷനായി. സി.പി. എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി. പീറ്റര്‍, പനത്തുറ പുരുഷോത്തമന്‍, അബ്ദുള്‍ റസാക്ക്, പാലോട് സന്തോഷ്, പൂന്തുറ സജീവ്, ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram