ഹോട്ടല്‍ ഉടമയുടെ വീട്ടില്‍ നിന്ന് ഡയമണ്ട് നെക്ലസും പണവും കവര്‍ന്നു

Posted on: 13 Sep 2015ശ്രീകാര്യം: ഹോട്ടല്‍ ഉടമയുടെ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസും സ്വര്‍ണവും പണവും കവര്‍ന്നു. കാര്യവട്ടം കീരികുഴി പാറയില്‍ വീട്ടില്‍ സിറിള്‍ തോമസിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കാര്യവട്ടം ധര്‍മശാസ്തക്ഷേത്രത്തിന് സമീപത്ത് ഹോട്ടല്‍ നടത്തുന്നയാളാണ് സിറിള്‍.
അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് മാലകളും ഒരു കമ്മല്‍ സെറ്റും രണ്ടുലക്ഷം വിലമതിക്കുന്ന നെക്ലസും 15000 രുപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കിടപ്പുമുറി തുറന്നുകിടക്കുകയായിരുന്നു. വാതിലിന്റെ അടിയില്‍ ഒരു ചെരിപ്പും ഉണ്ടായിരുന്നു. സംശയം തോന്നിയ ഇവര്‍ മറ്റു മുറികളില്‍ എത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. പാര ഉപയോഗിച്ച് വാതില്‍ തകര്‍ത്തിട്ടാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വളര്‍ത്തുനായ ഉണ്ടെങ്കിലും അത് കുരയ്ക്കാത്തതിലും വീട്ടുകാര്‍ക്ക് സംശയം ഉണ്ട്.
കഴക്കൂട്ടം എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഈ വീടിന് സമീപമുള്ള മറ്റ് മൂന്ന് വീടുകളിലും മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram