ദുരന്തങ്ങള്‍ക്ക് അവധി നല്‍കി നീന്തല്‍ക്കുളത്തില്‍നിന്ന് ശ്രീക്കുട്ടി നേട്ടങ്ങള്‍ കൊയ്യുന്നു

Posted on: 13 Sep 2015വെമ്പായം: കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും അവധി നല്‍കി നീന്തല്‍ക്കുളത്തിലെ ഡോള്‍ഫിനായി ശ്രീക്കുട്ടി കുതിക്കുന്നു. കുടുംബം ജീവിതപ്രാരാബ്ധങ്ങളില്‍ മുങ്ങുമ്പോഴും മത്സരവേദികളില്‍ സ്വര്‍ണത്തിളക്കത്തിന്റെ മാറ്റ് കൂട്ടുകയാണ് ഈ നീന്തല്‍ താരം. കഴിഞ്ഞ ദിവസം സമാപിച്ച കോളേജ് കായിക മേളയില്‍ മീറ്റിലെ ആദ്യ ഇരട്ട സ്വര്‍ണനേട്ടത്തിന് ഉടമയായി. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വനിതാവിഭാഗത്തില്‍ റെക്കോഡും സ്ഥാപിച്ചു. ഇതോടൊപ്പം 100 മീറ്ററില്‍ സ്വര്‍ണവും. കഴിഞ്ഞ ദേശീയ െഗയിംസില്‍ വാട്ടര്‍ പോളോ കേരള ടീം സ്വര്‍ണത്തിളക്കം നേടിയപ്പോള്‍ ശ്രീക്കുട്ടിയായിരുന്നു ക്യാപ്റ്റന്‍.
പിരപ്പന്‍കോട് എല്‍.പി. സ്‌കുളില്‍ പഠിക്കുന്ന കാലത്താണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങുന്നത്. ദേശീയ െഗയിംസില്‍നിന്ന് നേടിയ സ്വര്‍ണമെഡല്‍ തുടങ്ങി ആയിരത്തോളം സമ്മാനങ്ങള്‍ ഇതിനോടകം ശ്രീക്കുട്ടി നേടിയെടുത്തു. എന്നാല്‍ മെഡലുകളുടെ തിളക്കം ജിവിതത്തിനുണ്ടാക്കാന്‍ ഈ നീന്തല്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
പിരപ്പന്‍ക്കോട് ജയ ഭവനില്‍ ബാബുവിന്റെയും ജയയുടെയും മകളാണ് ശ്രീക്കുട്ടി. അച്ഛന്‍ ബാബു വൃക്ക രോഗിയാണ്. മറ്റു ജോലികള്‍ക്ക് പോകാന്‍കഴിയാത്തതിനാല്‍ ബാബു വീടിന് മുന്നില്‍ കരിക്ക് വില്‍ക്കുകയാണ്. അമ്മ കൂലിപ്പണിക്കും വീട്ടുജോലികള്‍ക്കും പോയാണ് കുടുംബം കഴിയുന്നത്. ബാബുവിന് മരുന്നുകള്‍ക്ക് മാത്രമായി 400 രൂപവേണം ദിവസവും. പകുതിമാത്രം പൂര്‍ത്തിയായ വീടിന്റെ പണി തടസ്സപ്പെട്ടു. ജോലിക്ക് പോകാന്‍ കഴിയാതെയായതോടു കൂടി ബാങ്കില്‍ വന്‍തുക കുടിശികയായി. പിരപ്പന്‍കോട് ശ്രീകൃഷ്ണ ക്ഷേത്രക്കുളമായ ഡോള്‍ഫിന്‍ ക്ലബ്ബില്‍ രാവിലെയും വൈകുന്നേരവുമാണ് പരിശീലനം.
ദേശീയ െഗയിംസില്‍നിന്ന് കിട്ടിയ സമ്മാനത്തുകയാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ച സഹായം. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞെങ്കിലും ജോലി എന്ന സ്വപ്‌നം എന്ന് നടപ്പിലാകും എന്ന ആശങ്കയിലാണ് ശ്രീക്കുട്ടിയും കുടുംബവും. തിരുവനന്തപുരം എം.ജി. കോളേജ് രണ്ടാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ ബാബു ശ്രീകാന്തും നീന്തല്‍ താരമാണ്.

More Citizen News - Thiruvananthapuram