ദേശീയപാത: സ്ഥലമെടുപ്പ് വൈകുന്നതില്‍ ആശങ്ക

Posted on: 13 Sep 2015ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനത്തിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ വൈകുന്നത് റോഡിനുവശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളേയും ഭൂ ഉടമകളേയും ആശങ്കയിലാക്കി.
പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വഴിമുക്ക് വരെയാണ് രണ്ടാംഘട്ടത്തിന് സ്ഥലം എടുക്കേണ്ടത്. 2015 ഏപ്രില്‍ മാസം സര്‍വെ പൂര്‍ത്തിയാക്കി ഉടമകളുമായി ചര്‍ച്ചചെയ്ത് വില നിശ്ചയിച്ച് കരാര്‍വെച്ചിരുന്നു.
വസ്തുവിനെ മൂന്നു ക്ലൂസായി തിരിച്ചാണ് വിലനിശ്ചയിച്ചത്. ക്ലൂസ് എ ക്ക് 14.25 ലക്ഷവും ബി ക്ക് 12.60 ലക്ഷവും സി ക്ക് 11.90 ലക്ഷവും ഡി ക്ക് 10 ലക്ഷവും ആണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂന്നു മാസം മുമ്പ് സര്‍ക്കാര്‍ ഈ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുകയും സെന്റിന് നേരത്തെ നിശ്ചയിച്ചതില്‍നിന്ന് രണ്ടുലക്ഷം രൂപ കുറയ്ക്കുകയും ചെയ്തു.
ബില്‍ഡിങ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍, ഭൂമി പാര്‍പ്പിട സംരക്ഷണ സമിതി മുതലായവര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഒരു ലക്ഷം രൂപകൂടി കൂട്ടിനല്‍കാമെന്നായി സര്‍ക്കാര്‍. നേരത്തെ വെച്ച കരാറിന് വിരുദ്ധമായി സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്ത് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിക്കുന്ന സ്ഥലം ഉടമകള്‍ ഇത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നത്.
പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെ വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, വസ്തുക്കള്‍ ഉള്‍പ്പെടെ തൊള്ളായിരത്തോളം ഭൂ ഉടമകളുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും വസ്തുകൈമാറാനുള്ള സമ്മതപത്രം കളക്ടര്‍ക്ക് എഴുതിക്കൊടുത്തിട്ടുണ്ട്.

More Citizen News - Thiruvananthapuram