ബോര്‍ഡ് നശിപ്പിച്ചവരെ പിടിച്ചില്ല; കോണ്‍ഗ്രസ് സമരത്തിന്‌

Posted on: 13 Sep 2015നെയ്യാറ്റിന്‍കര: പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തിനായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. 15ന് പൂവാര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.
ഈ മാസം രണ്ടിന് നടത്താനിരുന്ന പാഞ്ചിക്കാട്ട് കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച മുപ്പതോളം ഫ്ലക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഫ്ലക്‌സുകള്‍ നശിപ്പിച്ച സംഭവത്തെ തുടര്‍ന്ന് രണ്ടിന് നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. എന്നാല്‍ സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പോലീസ് പിടിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്‌ലക്‌സ് ബോര്‍ഡാണ് നശിപ്പിച്ചത്. ഫ്ലക്‌സുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയകട ജങ്ഷനില്‍ റോഡ് ഉപരോധം നടത്തി. പ്രതികളെ ഉടനെ പിടികൂടുമെന്ന് റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പ്രതികളെ പിടികൂടാന്‍ പൂവാര്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുന്നതെന്ന് കോണ്‍ഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡി.സൂര്യകാന്ത് പറഞ്ഞു. പോലീസ് യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

More Citizen News - Thiruvananthapuram