ഉറപ്പുകള്‍ പാഴായി; ബാലരാമപുരം-വിഴിഞ്ഞം റോഡ് പഴയപടി

Posted on: 13 Sep 2015ബാലരാമപുരം: പൈപ്പുലൈനിടല്‍ പണി പൂര്‍ത്തിയായാലുടന്‍ ബാലരാമപുരം- വിഴിഞ്ഞം റോഡ് ടാറുചെയ്യുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ അവസ്ഥ അങ്ങനെതന്നെ തുടരുന്നു. ടാര്‍ പൊട്ടിപ്പൊളിഞ്ഞ കുഴികളും അവയില്‍ ചെളിയും വെള്ളവും നിറഞ്ഞ റോഡിലൂടെയുള്ള കാല്‍നടപോലും ദുഷ്‌കരമായി.
ബാലരാമപുരം മുതല്‍ ചാവടിനട വരെയുള്ള രണ്ടുകിലോമീറ്ററോളം ദൂരമാണ് ടാര്‍ ചെയ്യാതെ കിടക്കുന്നത്. റോഡിന്റെ പലഭാഗങ്ങളും ടാറും മെറ്റലും പൊട്ടിപ്പൊളിഞ്ഞ് വലിയ ചാലുകളും കുഴികളുമായിമാറി. ബാലരമപുരം ചന്തയുെട മുന്‍വശം, അഞ്ചുവന്നം തെരുവു പള്ളിക്ക് സമീപം, ആര്‍.സി. തെരുവുപള്ളിക്ക് സമീപം, അയണിമൂട്, നെല്ലിവിള റോഡ് തിരിയുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചാലുകളും കുഴികളും മൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വളരെ ബുദ്ധിമുട്ടാണ്.
എപ്പോഴും വാഹനത്തിരക്കുള്ള റോഡാണിത്. മഴയത്ത് വെള്ളം കെട്ടിനില്കുന്ന കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. റോഡിന്റെ വലതുഭാഗത്ത് പൈപ്പുലൈന്‍ ഇടുന്നതിനായി എടുത്ത ചാല്‍ ഇതുവരെ ശരിയായി മൂടിയിട്ടില്ല. ആ ഭാഗം ടാറുചെയ്തിട്ടുമില്ല. മഴയത്ത് ഇവിടെനിന്ന് ഒഴുകിയിറങ്ങുന്ന മണ്ണ് റോഡിനെ ചെളികൊണ്ട് നിറയ്ക്കുന്നു. ചന്തയുടെ മുന്‍ഭാഗം, അഞ്ചുവന്നം തെരുവുപള്ളിക്ക് സമീപം എന്നീ സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാന്‍ പറ്റാത്തവിധം ചെളികൊണ്ടു നിറയും.
റോ!ഡ് ടാര്‍ ചെയ്യാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജമീല പ്രകാശം എം.എല്‍.എ.യും ഉറപ്പു നല്‍കിയിരുന്നു. ഫെഡറേഷന്‍സ് ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സിന്റെ വാര്‍ഷിക സമ്മേളനം ആര്‍. സി. തെരുവില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ആയിരുന്നു അത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അതും നടപ്പായില്ല.

More Citizen News - Thiruvananthapuram