അമ്മുക്കുട്ടി ജോര്‍ജിന് സി.പി.ഐ.യുടെ ആദരം

Posted on: 12 Sep 2015കഴക്കൂട്ടം: അടിസ്ഥാനവര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ സമരനേതാവായിരുന്നു കെ.സി.ജോര്‍ജെന്ന് മുന്‍ മന്ത്രിയും സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. കെ.സി.യുടെ ഭാര്യ അമ്മുക്കുട്ടി ജോര്‍ജിനെ കുളത്തൂര്‍ മണ്‍വിളയിലെ വീട്ടില്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പാര്‍ട്ടിനേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ. ആറ്റിപ്ര ലോക്കല്‍ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന കെ.സി.ജോര്‍ജ്, ഇ.എം.എസ്. മന്ത്രിസഭയിലെ അംഗമായിരുന്നു. പുന്നപ്ര-വയലാര്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെ.സി. അവസാനശ്വാസം വരെ പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച നേതാവായിരുന്നു. മാത്രമല്ല കേരളത്തില്‍ ആദ്യമായി സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം നടപ്പിലാക്കിയ മന്ത്രിയായിരുന്നു കെ.സി.യെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍, പാര്‍ട്ടി എല്‍.സി. അസിസ്റ്റന്റ് സെക്രട്ടറി അജയകുമാര്‍, മണ്ഡലം കമ്മിറ്റി അംഗം ആറ്റിപ്ര സതീശന്‍, സി.പി.ഐ. നേതാക്കളായ മണിയന്‍, എന്‍.ശ്രീധരന്‍, ചിത്രലേഖ, രാംലാല്‍, ഗണേശന്‍, ഷാജി, സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram