ഓടകളില്ല; വെഞ്ഞാറമൂട്-പുത്തന്‍പാറ റോഡില്‍ വെള്ളക്കെട്ട്

Posted on: 12 Sep 2015വെഞ്ഞാറമൂട്: ഓടകള്‍ പണിതില്ല. വെഞ്ഞാറമൂട് -പനവൂര്‍-പുത്തന്‍പാലം റോഡില്‍ മഴവെള്ളം കെട്ടിനിന്ന് അപകടാവസ്ഥ.
വെഞ്ഞാറമൂട് മുതല്‍ പുത്തന്‍പാലം വരെയുള്ള ദേശസാത്കൃത റോഡ് 16 കിലോമീറ്റര്‍ ദൂരം വരുന്നതാണ്. ഇതില്‍ ഒട്ടുമിക്കഭാഗങ്ങളിലും ഇരുവശത്തും ഓടകള്‍ പണിതിട്ടില്ല. റോഡ് കടന്നുപോകുന്ന ഭാഗങ്ങള്‍ ഇരുവശത്തും കുന്നുകളാണ്. അവിടെനിന്ന് ഒഴുകിവരുന്ന വെള്ളം റോഡിലേക്കാണ് എത്തുന്നത്. ഇവിടെ ഓടയില്ലാത്തത് കൊണ്ട് വെള്ളംറോഡിലൂടെ ഒഴുകിയാണ് കൈ തോടുകളില്‍ പതിക്കുന്നത്.
ഒരു ദിവസം മഴപെയ്താല്‍ പോലും റോഡിന്റെ പലസ്ഥലത്തും ചെളിവെള്ളം ആഴ്ചകളോളമാണ് കെട്ടിക്കിടക്കുന്നത്. തേമ്പാമ്മൂട് കൊടുംവളവിലും പേരുമല റേഷന്‍കട മുക്കിലും ഇരുന്നൂറ് മീറ്ററില്‍ കൂടുതല്‍ ചെളിവെള്ളക്കെട്ടായിട്ടാണ് കിടക്കുന്നത്. ഇവിടെ വാഹനങ്ങള്‍ പതിവായി അപകടത്തില്‍പ്പെട്ടുകൊണ്ടിരിക്കുന്നു. നാട്ടുകാര്‍ അധികൃതരെ പ്രശ്‌നം ധരിപ്പിച്ചെങ്കിലും ഒരു പരിഹാരവുമില്ല.
മൂന്നുവര്‍ഷം മുമ്പ് 1,500 ലക്ഷം രൂപയുടെ കേന്ദ്രധനസഹായമുപയോഗിച്ചു റോഡ് മെച്ചപ്പെട്ടനിലയില്‍ പണിതതാണ്. അന്ന് പുതിയറോഡിനൊപ്പം ഓടകൂടി പണിയണമെന്ന് നാട്ടുകാര്‍ പറഞ്ഞതാണ്. എന്നാല്‍ 16 കിലോമീറ്ററില്‍ വെറും ഒന്നരകിലോമീറ്റര്‍ ഓടപണിയുകമാത്രമാണ് ചെയ്തത്.
ഇപ്പോള്‍ മഴപെയ്തു തുടങ്ങിയപ്പോള്‍ തന്നെ റോഡ് ചെളിവെള്ളക്കെട്ടായി നശിക്കുന്നു. കുത്തൊഴുക്കില്‍ റോഡിന്റെ വശങ്ങളും തകര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്.
റോഡ് വശം കുഴിച്ചുണ്ടാക്കിയിരിക്കുന്ന ഓടകള്‍ പോലും മണലും മാലിന്യവും മൂടിക്കിടക്കുകയാണ്.
ഓട പണിയണമെന്നു നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനുകളും പി.ഡബ്ല്യു.ഡി.യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.്

More Citizen News - Thiruvananthapuram