മാമം ഭൂമി വിധി: നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടി

Posted on: 12 Sep 2015ആറ്റിങ്ങല്‍: മാമത്ത് കാലിച്ചന്ത നടക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച കോടതി വിധി നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മാമത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുളള വികസനപദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിരുന്നത്. ഭൂമിയില്‍ കാളച്ചന്തയല്ലാതെ മറ്റൊന്നും നടത്താന്‍ നഗരസഭയ്ക്ക് അനുവാദമില്ലെന്നാണ് ഇപ്പോള്‍ വിധി വന്നിട്ടുളളത്.
ആറ്റിങ്ങല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്. ദേശീയ പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡില്‍ ഇടം തീരെ കുറവാണ്. ദേശീയ പാതയില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി 1999-ല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മാമത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളായി ചുറ്റിനും ടാര്‍ ചെയ്യുന്നതുള്‍പ്പെടെ ലക്ഷങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സ്റ്റാന്‍ഡ് മാറ്റുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടായി. ബസുകളുടെ സമയക്രമീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീര്‍പ്പാകാത്തതായിരുന്നു പ്രധാന പ്രശ്‌നം. പിന്നീട് നടപടികള്‍ നീണ്ടുപോയി.
യാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ പോലും കെട്ടിടമില്ലാത്തതും മൂത്രപ്പുരകളും കക്കൂസുമില്ലാത്തതും ബസ് സ്റ്റാന്‍ഡ് മാറ്റുന്നതിന് തടസ്സമായി. തുടര്‍ന്ന് വക്കം പുരുഷോത്തമന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് 2005-ല്‍ മാമത്ത് വിശ്രമകേന്ദ്രം നിര്‍മിച്ചു. ഇതെല്ലാം ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഭൂമിയില്‍ ചെലവാക്കിയ ലക്ഷങ്ങളും വെറുതേ പോയി.
ആറ്റിങ്ങലില്‍ ദേശീയപാത വീതി കൂട്ടുമ്പോള്‍ സ്ഥാപനങ്ങള്‍ നഷ്ടമാകുന്നവര്‍ക്ക് മാമത്തെ ഭൂമിയില്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുമ്പോള്‍ സ്ഥലം നല്‍കാമെന്നായിരുന്നു നഗരസഭ കച്ചവടക്കാരോട് പറഞ്ഞിരുന്നത്. ഈ വാദം ഇനി കച്ചവടക്കാര്‍ അംഗീകരിക്കാനിടയില്ല. ദേശീയപാത വീതികൂട്ടാനുളള പദ്ധതിക്ക് ഇത് വന്‍ തിരിച്ചടിയാകും. ഭൂമി വിട്ടുകൊടുക്കാനുളള സമ്മതപത്രം ഇനിയും നല്‍കാത്ത ധാരാളം ഭൂവുടമകളുണ്ട്.
മുന്‍സിഫ് കോടതിയുടെ വിധി സബ്‌കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. കോടതികള്‍ കയറിയിറങ്ങി കേസ് നീണ്ടുപോകുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അന്തിമ തീര്‍പ്പുണ്ടാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ബസ് സ്റ്റാന്‍ഡ് മാറ്റുന്നതും റോഡ് വികസനവുമെല്ലാം അടിയന്തരാവശ്യങ്ങളാണ്താനും. ഇതിനെല്ലാം നഗരസഭ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

More Citizen News - Thiruvananthapuram