എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്നതായി പരാതി

Posted on: 12 Sep 2015ആറ്റിങ്ങല്‍: യുവതിയുടെ എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്തതായി പരാതി. അയിലം കുഴിവിള വീട്ടില്‍ അജിതകുമാരിയാണ് ഇത് സംബന്ധിച്ച് ആറ്റിങ്ങല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസമാണ് കേസിനാസ്​പദമായ സംഭവം.
പരാതിയില്‍ പറയുന്നതിങ്ങനെ: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി എസ്.ബി.ടി.യുടെ ആറ്റിങ്ങല്‍ ശാഖയില്‍ നിക്ഷേപകഫോറം പൂരിപ്പിച്ചുനല്‍കുന്ന തിരക്കിലായിരുന്നു അജിതകുമാരി. കൈയിലിരുന്ന പഴ്‌സ് ബാങ്കിലെ മേശപ്പുറത്ത് വെച്ചു. ഇതിനിടയില്‍ സമീപത്തുനിന്നിരുന്ന ഒരാള്‍ അജിതകുമാരിയുടെ പഴ്‌സിനുമുകളില്‍ മറ്റൊരു ബാഗ് വെച്ചു. ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ അടുത്തുനിന്നയാള്‍ അജിതകുമാരിയുടെ പഴ്‌സുമായി കടന്നു. ഇയാള്‍ ആറ്റിങ്ങലുള്ള എസ്.ബി.ടി., എസ്.ബി.ഐ. എന്നീ എ.ടി.എം. കൗണ്ടറുകളില്‍നിന്നും കൊടുവഴന്നൂര്‍ ഗ്രാമീണ്‍ബാങ്ക് എ.ടി.എം. കൗണ്ടറില്‍ നിന്നുമായി 25,000 രൂപ പിന്‍വലിച്ചു.
വീട്ടില്‍ ചെന്നശേഷമാണ് പഴ്‌സ് നഷ്ടപ്പെട്ടതായി അജിതകുമാരി അറിയുന്നത്. ഉടന്‍തന്നെ ആറ്റിങ്ങല്‍ ബാങ്കിലെത്തി അധികൃതരെ വിവരം അറിയിച്ചു. ബാങ്കധികൃതര്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പഴ്‌സ് അപഹരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബാങ്ക് അധികൃതരുടെ നിര്‍ദേശപ്രകാരം അജിതകുമാരി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ മോഷ്ടാവിന് ഇവരുടെ എ.ടി.എം. പിന്‍ നമ്പര്‍ എങ്ങനെ ലഭിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. ബാങ്കിന്റെ എ.ടി.എം. കേടായതിനാല്‍ ബാങ്കിനുള്ളിലുള്ള ൈസ്വപ്പിങ് മെഷീനില്‍ നിന്നാണ് ഇവര്‍ പണമെടുത്തത്. ഈ സമയം മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെട്ടതാവാമെന്ന് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram