സ്‌പെഷാലിറ്റി ഒ.പി.കള്‍ പ്രവര്‍ത്തിച്ചില്ല; ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങി

Posted on: 12 Sep 2015ഡോക്ടര്‍മാരുടെ സമരം


നെയ്യാറ്റിന്‍കര:
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം കാരണം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി. സ്‌പെഷാലിറ്റി ഒ.പി.കള്‍ പ്രവര്‍ത്തിച്ചില്ല. സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. താലൂക്കിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല.
കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് സമരം നടത്തിയത്. 29 ഡോക്ടര്‍മാരുള്ള നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആകെ ജോലിക്കെത്തിയത് മൂന്നുപേര്‍ മാത്രമാണ്. ഇതില്‍ സൂപ്രണ്ടും ആര്‍.എം.ഒ.യും ഉള്‍പ്പെടും. ഒ.പി.കള്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ രോഗികള്‍ ബഹളംവെച്ചു.
ഡോക്ടര്‍മാര്‍ ഇല്ലാത്തത് കാരണം ആശുപത്രിയിലെത്തിയ രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങേണ്ടിവന്നു. ആകെ പ്രവര്‍ത്തിച്ചത് അത്യാഹിത വിഭാഗം മാത്രം. നാല് എന്‍.ആര്‍.എച്ച്.എം. ഡോക്ടമാര്‍ മാത്രമാണ് ഇവിടെ പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. ദിവസവും രണ്ടായിരത്തോളം രോഗികളാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്.
ഡോക്ടര്‍മാരില്ലാത്തത് കാരണം അടിയന്തര ശസ്ത്രക്രിയപോലും നടത്തിയില്ല. അപകടം പറ്റിയെത്തുന്നവരെ മെഡിക്കല്‍ കോളേജിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് ഡോക്ടര്‍മാരുടെ സമരത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത്. ഇവരെ ചികിത്സിക്കാന്‍ ആരുമില്ലായിരുന്നു. നേരത്തെ നല്‍കിയ കുറിപ്പടികള്‍ നോക്കി നഴ്‌സുമാര്‍ മരുന്നു നല്‍കിയതൊഴിച്ചാല്‍ ഐ.പി. വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് ചികിത്സ കിട്ടിയില്ല.
ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് സമരം നടത്തുന്നതിനെ ഫലപ്രദമായി നേരിടുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സമരം ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്. ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഇവിടങ്ങളില്‍ എത്തിയ രോഗികള്‍ വെറുതെ മടങ്ങേണ്ടിവന്നു. എന്നാല്‍ പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കുറച്ച് ഡോക്ടര്‍മാര്‍ ജോലിക്കെത്തി. വെള്ളറട, പെരുങ്കടവിള, പൂവാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും സമരം കാരണം തടസ്സപ്പെട്ടു.

More Citizen News - Thiruvananthapuram