വെള്ളായണിയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: 12 Sep 2015കോവളം: കൃഷിഭൂമിക്ക് നഷ്ടപരിഹാരം, കായല്‍ സംരക്ഷണം എന്നിവയ്ക്ക് ഉടന്‍ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് വെള്ളായണിയിലെ കര്‍ഷക ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്. പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വെള്ളായണി കായലിന് സമീപം നെല്‍കൃഷി മുടങ്ങിക്കിടക്കുന്ന പട്ടയമുള്ള എട്ട് പാടശേഖരങ്ങളിലെ കര്‍ഷകര്‍ അടങ്ങുന്ന ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
24 വര്‍ഷമായി ഇവിടെ നെല്‍കൃഷി മുടങ്ങിക്കിടക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് ജമീല പ്രകാശം എം.എല്‍.എ. ഇത് സംബന്ധിച്ച് ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ രണ്ടുമാസമായിട്ടും നടപടിയുണ്ടായില്ലെന്ന് കര്‍ഷകരുടെ യോഗം പരാതിപ്പെട്ടു. സ്വകാര്യ പാടങ്ങളില്‍ കെട്ടിക്കിടക്കുന്ന ജലമാണ് ജല അതോറിറ്റി വിറ്റ് കാശാക്കുന്നതെന്നും യോഗം ആരോപിച്ചു.
യോഗം ജമീല പ്രകാശം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി രക്ഷാധികാരി വി.ഗോപിനാഥന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ചു. ആര്‍.എസ്.ശ്രീകുമാര്‍, വെങ്ങാനൂര്‍ സതീഷ്, കോളിയൂര്‍ ജി.ഗോപി, എ.ജെ.റോയി, എസ്.ശിവന്‍കുട്ടി നായര്‍, ജി.എസ്.അചിന്ത്യകുമാര്‍, കെ.ബാബു, പാലപ്പൂര് രവി, എന്‍.വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആക്ഷന്‍ കൗണ്‍സിലിന് യോഗം രൂപംനല്‍കി.

More Citizen News - Thiruvananthapuram