ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കടുശര്‍ക്കര യോഗലേപനം തുടങ്ങി

Posted on: 12 Sep 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശയനമൂര്‍ത്തി വിഗ്രഹത്തിന്റെ ജീര്‍ണോദ്ധാരണത്തിനായി കടുശര്‍ക്കര കൂട്ടിന്റെ ലേപനം വെള്ളിയാഴ്ച ആരംഭിച്ചു. ഒരാഴ്ച മുമ്പാണ് വിഗ്രഹത്തിലെ വിള്ളലുകള്‍ മാറ്റാനുള്ള നിര്‍മാണജോലികള്‍ ആരംഭിച്ചത്. ഇതിനായി വിഗ്രഹത്തില്‍ അണിയിച്ചിരുന്ന തങ്കഅങ്കി ഇളക്കിമാറ്റിയിരുന്നു. അങ്കിയിലെ പോരായ്മകള്‍ ഒന്നാംഘട്ടമായി പൂര്‍ത്തിയാക്കി.
ക്ഷേത്രത്തിനുള്ളിലാണ് കടുശര്‍ക്കര യോഗത്തിന്റെ കൂട്ട് തയ്യാറാക്കിയത്. ശുചീന്ദ്രം തെക്കുമണ്‍ മഠത്തിലെ പ്രദീപ് നമ്പൂതിരിയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ കടുശര്‍ക്കരയോഗം മൂന്ന് താലങ്ങളിലാക്കി ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ പ്രദക്ഷിണം നടത്തി. തുടര്‍ന്നാണ് ശയനമൂര്‍ത്തി വിഗ്രഹത്തില്‍ ലേപനം ചെയ്തത്.
ചടങ്ങിന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, ഭരണസമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ ജഡ്ജി വി.ഷെര്‍സി, ഭരണസമിതി അംഗം എസ്.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലേപനജോലികള്‍ ഒക്ടോബര്‍ 5ന് മുമ്പ് പൂര്‍ത്തിയാകും. ലേപനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ദര്‍ശനസമയങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram