ഇറാന്‍ ബോട്ടില്‍ വീണ്ടും ചോര്‍ച്ച

Posted on: 12 Sep 2015വിഴിഞ്ഞം: രണ്ടുമാസം മുമ്പ് കോസ്റ്റ്ഗാര്‍ഡ് പിടികൂടി വിഴിഞ്ഞത്ത് നങ്കൂരമിട്ട ഇറാന്‍ ബോട്ടില്‍ വീണ്ടും ചോര്‍ച്ച കണ്ടെത്തി. ബോട്ട് താഴ്ന്നുപോകാതിരിക്കാന്‍ പുറത്തുനിന്ന് പമ്പ് എത്തിച്ച് വെള്ളം പുറത്തേക്ക് കളയുകയാണിപ്പോള്‍. ഏറെ താഴ്ചയുള്ള ഭാഗത്ത് നങ്കൂരമിട്ടിരിക്കുന്ന ബോട്ട് താഴ്ന്നുപോയാല്‍ വീണ്ടെടുക്കാന്‍ കഠിനാധ്വാനംതന്നെ വേണ്ടിവരും. ഇതിനാല്‍ വളരെയധികം കരുതലോടെയാണ് ബോട്ടിന് സുരക്ഷയൊരുക്കുന്നത്. ഏതുഭാഗത്തുകൂടിയാണ് വെള്ളം കയറുന്നതെന്ന് കണ്ടെത്താനുള്ള അധികൃതരുടെ ശ്രമം ഫലംകണ്ടില്ല.
അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ കടലില്‍ കറങ്ങിയ 12 അംഗ വിദേശസംഘത്തെ ജൂലായ് മാസത്തിലാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. പ്രാഥമികാന്വേഷണത്തിനുശേഷം റിപ്പോര്‍ട്ടുകളും പ്രതികളെയും കൊച്ചിയിലേക്ക് മാറ്റി. എന്‍.ഐ.എ. സംഘം കേസ് ഏറ്റെടുത്ത് ഒരു മാസത്തിനകം നിരവധിത്തവണ ബോട്ടില്‍ പരിശോധന നടത്തിയിരുന്നു. സുഗമമായ അന്വേഷണത്തിനുവേണ്ടി ബോട്ട് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കോ കൊല്ലത്തേക്കോ കൊണ്ടുപോകുമെന്ന് എന്‍.ഐ.എ. പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്‍ജിനും വലകളുമുള്‍െപ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബോട്ടില്‍ വെള്ളം കെട്ടിയതോടെ നശിക്കാനിടയുണ്ട്. ഏറെ സുരക്ഷ വേണ്ട ബോട്ടിന് ഇപ്പോള്‍ ലോക്കല്‍ പോലീസിന്റെ സംരക്ഷണം മാത്രമാണുള്ളത്. നൂറുകണക്കിന് വള്ളങ്ങള്‍ മത്സ്യബന്ധനത്തിനായി പോകുന്ന വിഴിഞ്ഞം ഹാര്‍ബറില്‍ ഇറാന്‍ ബോട്ട് നങ്കൂരമിടുന്നത് സുരക്ഷിതമല്ലെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നതാണ്. മത്സ്യബന്ധന ബോട്ട് അടുപ്പിച്ച് ചിലര്‍ ബോട്ടില്‍ കയറാന്‍ ശ്രമം നടത്തിയതും ആശങ്കയ്ക്കിടയാക്കിയിരുന്നു.

More Citizen News - Thiruvananthapuram