പഴഞ്ചന്‍ ആന വണ്ടികളുമായി പൂവാര്‍ ഡിപ്പോ ഇഴഞ്ഞുനീങ്ങുന്നു

Posted on: 12 Sep 2015പതിനഞ്ചോളം ബസ്സുകള്‍ കട്ടപ്പുറത്ത്


പൂവാര്‍:
ആവശ്യത്തിന് ബസ്സില്ല; പഴഞ്ചന്‍ ആനവണ്ടികളുമായി പൂവാര്‍ ഡിപ്പോ ഇഴഞ്ഞുനീങ്ങുന്നു. തീരദേശത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ സ്ഥാപിച്ച ഡിപ്പോ ഇപ്പോള്‍ നിലനില്‍ക്കാന്‍ പാടുപെടുകയാണ്. ഇവിടെ ഓടിക്കാന്‍ ബസ്സില്ല. ഉള്ളവയൊക്കെ പഴക്കം ചെന്നവ. ഭൂരിഭാഗവും കട്ടപ്പുറത്ത്. സ്‌പെയര്‍ പാര്‍ട്ട്‌സുകളില്ല. ഒരു വണ്ടിയില്‍ നിന്നും മാറ്റി മറ്റൊരു വണ്ടിയിലിട്ടാണ് ടയര്‍ പോലും ഉപയോഗിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവിടെ കട്ടപ്പുറത്താവുന്ന ബസ്സുകളുടെ എണ്ണവും വര്‍ധിക്കുന്നു. എന്നാല്‍ പുതിയ ബസ്സുകള്‍ അനുവദിക്കാനോ ഡിപ്പോയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ അധികൃതര്‍ തയ്യാറാവാത്ത സ്ഥിതിയാണ്. ഇതിനിടെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന രണ്ട് ബസ്സുകളുടെ പെര്‍മിറ്റ് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഇതും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. യാത്രാക്ലേശം വര്‍ധിപ്പിക്കും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 71 ഷെഡ്യൂളുകളുമായി തുടങ്ങിയതാണ് പൂവാര്‍ ഡിപ്പോ. ഇപ്പോള്‍ ഇവിടെ നിന്നുമുള്ളത് നാല്പതിന് താഴെ സര്‍വീസുകള്‍ മാത്രം. ഇതില്‍ പത്തോളം ബസ്സുകള്‍ വഴിയിലാവുന്നതും പതിവാണ്. ഇതിനിടയിലും ദിവസം ആറ് ലക്ഷത്തിലധികം രൂപയാണ് ഡിപ്പോയുടെ വരുമാനം. ആവശ്യത്തിന് ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാവും. എന്നാല്‍ അധികാരികള്‍ അവഗണിക്കുന്ന ഡിപ്പോകളില്‍ ഒന്നാം സ്ഥാനം പൂവാര്‍ ഡിപ്പോയ്ക്കാണ്.
പൂവാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ 16 ല്‍ അധികം ബസ്സുകള്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. കട്ടപ്പുറത്തായ അഞ്ച് ബസ്സുകളില്‍ എന്‍ജിനില്ല, ഗിയര്‍ബോക്‌സ് തകരാറിലായ നിരവധി ബസ്സുകളും ഡിപ്പോയിലുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ അഭാവത്തില്‍ ഒരു ബസ്സിലെ പാര്‍ട്ട്‌സുകള്‍ മാറ്റി മറ്റൊന്നിലിട്ടാണ് ഇവിടെ അവശ്യ സര്‍വീസുകള്‍ നടത്തുന്നത്.
വര്‍ഷങ്ങളായി പൂവാര്‍ ഡിപ്പോയ്ക്ക് പുതിയ ബസ്സുകളൊന്നും അനുവദിച്ചിട്ടില്ല. മാത്രമല്ല മറ്റ് ഡിപ്പോകളില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ ഇവിടത്തെ ബസ്സുകളാണ് കൊണ്ടുപോകുന്നത്. അതോടെ ഇവിടത്തെ യാത്രാക്ലേശം പതിന്മടങ്ങ് വര്‍ധിക്കും. ബസ്സുകള്‍ തിരികെ എത്തിക്കുമ്പോള്‍ പലതും തകരാറിലായിരിക്കും. ഇത് പരിഹരിക്കാന്‍ ഡിപ്പോ അധികൃതര്‍ക്കും കഴിയാത്ത സ്ഥിതിയാണ്.
പൂവാറില്‍ നിന്ന് വര്‍ഷങ്ങളായി ഓടിയിരുന്ന പല സര്‍വീസുകളും ഇപ്പോള്‍ മുടങ്ങുകയാണ്. പല പ്രധാന റൂട്ടുകളിലും തിരക്കുള്ള സമയങ്ങളില്‍ അയയ്ക്കാന്‍ ഇവിടെ ബസ്സില്ല. ഇത് പ്രദേശത്തെ യാത്രാ ക്ലേശത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ ഡിപ്പോയ്ക്ക് കൂടുതല്‍ ബസ്സ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അല്ലെങ്കില്‍ താമസിയാതെ ഡിപ്പോ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഇവിടത്തെ ജീവനക്കാരും പറയുന്നു.

More Citizen News - Thiruvananthapuram