ചിട്ടിയുടെ പേരില്‍ തട്ടിപ്പുനടത്തിയതിന് അറസ്റ്റില്‍

Posted on: 12 Sep 2015ആറ്റിങ്ങല്‍: വീട്ടമ്മമാരുള്‍പ്പെടെ സാധാരണക്കാരില്‍നിന്ന് ചിട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. അവനവഞ്ചേരി കൊച്ചാലുംമൂട് ശ്രീഭവനില്‍ വാടകയ്ക്കുതാമസിച്ചിരുന്ന ഇടയ്‌ക്കോട് ഊരൂപൊയ്ക ലക്ഷംവീട്ടില്‍ ജയനാണ്(33) അറസ്റ്റിലായത്. ഇയാളും കൂട്ടാളിയായ അനീഷും ചേര്‍ന്ന് അവനവഞ്ചേരിയില്‍ എ.ജെ. എന്റര്‍പ്രൈസസ് എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തിയാണ് തട്ടിപ്പുനടത്തിയതെന്ന് പോലീസ് പറഞ്ഞു.
ചിട്ടി നറുക്കുവീണവര്‍ക്ക് പണം നല്‍കാത്തതിനാല്‍ അവരില്‍ നാലുപേര്‍ ആറ്റിങ്ങല്‍ േപാലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു. കൂടുതലും സ്ത്രീകളാണ് ചിട്ടിയില്‍ ചേര്‍ന്നിരുന്നതെന്ന്‌ േപാലീസ് പറയുന്നു. അവനവഞ്ചേരി സ്വദേശികളായ ലളിതമ്മ, മഞ്ജു, അമ്പിളി, ബിജു എന്നിവരാണ് പരാതി നല്കിയത്. പ്രതിമാസം 600, 500 രൂപ അടയ്ക്കുന്ന ചിട്ടികളാണ് ഇവര്‍ നടത്തിയിരുന്നത്. 2011ലാണ് ജയനും അനീഷും ചേര്‍ന്ന് അവനവഞ്ചേരിയില്‍ സ്ഥാപനം ആരംഭിച്ചത്. സ്ഥലത്ത് നല്ല വിശ്വാസമാര്‍ജിച്ച ഇവര്‍, ആദ്യമൊക്കെ കൃത്യമായി പണം തിരിച്ചുനല്‍കിയിരുന്നു. ഇതിനാല്‍ ധാരാളം പേര്‍ പിന്നീട് ചിട്ടിയില്‍ ചേര്‍ന്നു.
ആറ്റിങ്ങല്‍ സി.ഐ. എം.അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. ബി.ജയന്‍, ഗ്രേഡ് എസ്.ഐ. ജയകുമാര്‍, േപാലീസുകാരായ ജോയി, അജിത, ശ്രീലത എന്നിവരാണ് അവനവഞ്ചേരിയില്‍നിന്ന് ജയനെ അറസ്റ്റുചെയ്തത്. അനീഷ് ഒളിവിലാണെന്ന്‌ േപാലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram