ഡയാലിസിസ് രോഗികള്‍ക്ക് സ്‌നേഹയാത്രയുമായി ഓട്ടോ ഡ്രൈവര്‍മാര്‍

Posted on: 11 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ടൗണിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ പുതിയ സേവന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. ഗോകുലം മെഡിക്കല്‍ കോളേജിലും സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജിലും ഡയാലിസിസിനു പോകുന്ന പാവങ്ങള്‍ക്ക് സൗജന്യയാത്ര നല്‍കിയാണിത്.
ആറ്റിങ്ങല്‍ റോഡിലെ മുപ്പത്തിയഞ്ചോളം നിത്യവരുമാനക്കാരായ ഓട്ടോ ഡ്രൈവര്‍മാരാണ് രോഗികള്‍ക്ക് സഹായമായി എത്തിയിരിക്കുന്നത്. വെഞ്ഞാറമൂട്ടില്‍ നിന്നും ആശുപത്രി വരെയാണ് സൗജന്യയാത്ര നല്‍കുന്നത്. സാധാരണ 50 രൂപ വരെയാകുന്ന ഓട്ടമാണ് സാധാരണക്കാരായ ഓട്ടോ ഡ്രൈവര്‍മാര്‍ സൗജന്യമായി നല്‍കാന്‍ പോകുന്നത്.
ഈ സേവനം ചെയ്യുന്നത് ഒരു യൂണിയന്റെയും പാര്‍ട്ടിയുടെയും പേരിലല്ല. മറിച്ച് ഒരേ മനസ്സുള്ള ഒരുകൂട്ടം ഡ്രൈവര്‍മാരുടെ ഒത്തൊരുമയില്‍ നിന്നാണ്.
ഇതിനകംതന്നെ പത്തിലധികം രോഗികള്‍ക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ സ്‌നേഹയാത്ര നല്‍കി കഴിഞ്ഞു. ഇതിനുേവണ്ടി ഓട്ടോ ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പരുകളും വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍െവച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഓട്ടോകളുടെ സേവനം പ്രയോജനപ്പെടുത്തി പരമാവധി രോഗികള്‍ക്ക് സ്‌നേഹയാത്രയിലൂടെ സേവനം നല്‍കുമെന്ന് മുഖ്യ സംഘാടകരില്‍ ഒരാളായ മോഹനന്‍ നായര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram