മാതൃകാ കൃഷിരീതിയില്‍ വിജയവുമായി കതിര്‍ കര്‍ഷക സ്വയംസഹായ സംഘം

Posted on: 11 Sep 2015വെമ്പായം: കാര്‍ഷിക രംഗത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വേറിട്ട ഇടപെടലുകളുമായി നൂറുമേനിയുടെ വിജയമുറപ്പിച്ച് കതിര്‍ കര്‍ഷക സ്വയംസഹായ സംഘം. മാണിക്കല്‍ പഞ്ചായത്തിലെ കര്‍ഷകരെ സംഘടിപ്പിച്ച് രൂപവത്കരിച്ച കര്‍ഷക കൂട്ടായ്മയായ കതിര്‍ സ്വയംസഹായ സംഘം നടത്തിയ കൃഷിയുടെ വിളവെടുപ്പിനുള്ള സമയമായി. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് സംഘം. പോങ്കുന്നില്‍ അഞ്ചേക്കറില്‍ കൃഷി ചെയ്തിരിക്കുന്ന ചേനയും ഇഞ്ചിയും ചേമ്പും വെമ്പായം ജങ്ഷനുസമീപം കൃഷിചെയ്തിരിക്കുന്ന അഞ്ചൂറോളം നേന്ത്രവാഴയുമാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. കൂടുതല്‍ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനും ജൈവകൃഷിക്കാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കര്‍ഷക ക്ലിനിക്ക് തുടങ്ങാനും സ്ഥിരം ജൈവപച്ചക്കറി വില്പനകേന്ദ്രം ആരംഭിക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളില്‍ നിന്നും കര്‍ഷകര്‍ക്കാവശ്യമായ വായ്പകള്‍ ലഭ്യമാക്കുക, കൃഷിഭവന്‍, മൃഗാശുപത്രി, തുടങ്ങിയവയുടെ സേവനം ലഭ്യമാക്കുന്നതിലും സംഘം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംഘം പ്രസിഡന്റ് എം.എം.സാലി, സെക്രട്ടറി എ.യശോധരന്‍ നായര്‍, പി.തുളസിദാസ്, കെ.കേശവപിള്ള, ലളിത, രമേശന്‍നായര്‍, മധു, നവാസ്, ഫിറോസ്, ഹനീഫ, ഗോപി, ചന്ദ്രശേഖരപിള്ള തുടങ്ങിയവരാണ് കര്‍ഷക കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. കേരള കര്‍ഷകസംഘം മാണിക്കല്‍ വില്ലേജ് കമ്മിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

More Citizen News - Thiruvananthapuram