പുതിയകാവ് ചന്തയില്‍ മാലിന്യകൂമ്പാരം; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

Posted on: 11 Sep 2015കിളിമാനൂര്‍: കിളിമാനൂര്‍ മേഖലയിലെ ഏറ്റവും വലിയ ചന്തയായ പുതിയകാവ് ചന്തയില്‍ മാലിന്യകൂമ്പാരവും ചെളിക്കെട്ടും. ഓടകളിലും ചെളിക്കെട്ടിലും തങ്ങിനില്‍ക്കുന്ന മലിനജലത്തില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പിടിപ്പെടുന്ന ഭീതിയിലാണ് പരിസരവാസികള്‍.
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിന് 35 ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന ചന്തയാണ് ഇപ്രകാരം നശിച്ചുകിടക്കുന്നത്. വ്യാഴം, ഞായര്‍ ദിവസങ്ങളിലെ പതിവ് ചന്തയ്ക്ക് പുറമെ, ബുധന്‍, ശനി ദിവസങ്ങളില്‍ മാട് ചന്തയും ഇവിടുണ്ട്. ഇവയില്‍നിന്നെല്ലാം ലഭിക്കുന്ന ഭീമമായ ലാഭത്തില്‍ നിന്ന് ഒരു ശതമാനംപോലും ചന്ത ശുചീകരണത്തിന് പഞ്ചായത്ത് ചെലവഴിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ചന്തയിലേക്ക് കടക്കുന്ന പ്രധാന വഴിയില്‍ ദുര്‍ഗന്ധം വമിക്കുന്ന ചെളിക്കെട്ടാണ്. ചന്തയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് കാലങ്ങളായി പ്രവര്‍ത്തനരഹിതവും. പ്ലാന്റിനോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കാന്‍ നിര്‍മിച്ച പുതിയ കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. കാട്ടുപുറം, തൊളിക്കുഴി, കൊപ്പം, മലയ്ക്കല്‍, അടയമണ്‍ എന്നിങ്ങനെ മലയോര മേഖലയിലെ കര്‍ഷകര്‍ സാധനങ്ങള്‍ വിറ്റഴിക്കാനും വാങ്ങാനും ആശ്രയിക്കുന്ന പ്രധാന ചന്തയാണിത്.
ചന്തയിലെ ചെളിക്കെട്ട് ഒഴിവാക്കി, മീന്‍കച്ചവടം ചെയ്യുന്നതിനായി പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്റ്റാള്‍ കെട്ടിയെങ്കിലും നിര്‍മാണത്തിലെ അപാകത നിമിത്തം അതും ഉപയോഗശൂന്യമായി കിടക്കുകയാണ്. മാടുകളെ വെട്ടുന്നിടത്ത് അവയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും കാണാന്‍കഴിയും. ചന്തയോട് ചേര്‍ന്ന് പത്തോളം വീടുകളുണ്ട്. അവയിലേക്ക് പോകാനുള്ള വഴിയും ചന്തയ്ക്ക് അകത്തുകൂടിയാണ്. മാലിന്യവും ചെളിക്കെട്ടും കാരണം സമീപത്തെ വീട്ടിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പഞ്ചായത്തിലെ ആരോഗ്യവിഭാഗം പ്രവര്‍ത്തകരും മാലിന്യകൂമ്പാരം നീക്കംചെയ്യാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ നിന്ന് രോഗങ്ങള്‍ പകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

More Citizen News - Thiruvananthapuram