മിനിലോറിയിലെ ഇരുമ്പ് പൈപ്പ് ബസ്സിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Posted on: 11 Sep 2015വര്‍ക്കല: മിനിലോറിയിലെ ഇരുമ്പ് പൈപ്പ് ഇടിച്ചുകയറി പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ബസ് ഡ്രൈവര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ചില്ല് തകര്‍ത്ത് ഒന്നരമീറ്റര്‍ ബസ്സിനുള്ളിലേക്ക് കടന്നാണ് പൈപ്പ് നിന്നത്. ഡ്രൈവറുടെ ഇടതുഭാഗത്തുകൂടി പൈപ്പ് കടന്നുപോയത് അപകടം ഒഴിവാക്കി. വ്യാഴാഴ്ച വൈകീട്ട് 5.45ന് വര്‍ക്കല ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപമായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നും വര്‍ക്കലയിലേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ട്രാഫിക് ബ്ലോക്കില്‍പ്പെട്ട മിനിലോറി പെട്ടെന്ന് നിര്‍ത്തി. തൊട്ടുപിന്നില്‍വന്ന കെ.എസ്.ആര്‍.ടി.സി. ബസ്സും പെട്ടെന്ന് നിര്‍ത്തിയെങ്കിലും മിനിലോറിയുടെ മുകള്‍ഭാഗത്തായി കയറ്റിയിരുന്ന വലിയ ഇരുമ്പ് പൈപ്പ് ചില്ല് തകര്‍ത്ത് ബസ്സിനുള്ളിലേക്ക് കയറുകയായിരുന്നു. ആറ്റിങ്ങല്‍ ഡിപ്പോയിലെ മുത്താന, ചാവര്‍കോട് വഴി സര്‍വീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ടൗണില്‍ ഗതാഗതതടസ്സമുണ്ടായി. പോലീസെത്തി ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി.

More Citizen News - Thiruvananthapuram