മാമത്തെ ഭൂമി: കേസില്‍ ഇന്ന് വിധി

Posted on: 11 Sep 2015

ആറ്റിങ്ങല്‍:
മാമത്ത് കാളച്ചന്ത പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ച് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയില്‍ നിലവിലുള്ള കേസില്‍ വെള്ളിയാഴ്ച വിധിപറയും. നഗരസഭയുടെ അവകാശത്തെ ചോദ്യംചെയ്ത് സ്വകാര്യവ്യക്തിയാണ് കേസ് ഫയല്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയായ കേസില്‍ ചൊവ്വാഴ്ച വിധിപറയാന്‍ നിശ്ചയിച്ചിരുന്നതാണെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
മാമത്ത് കാളച്ചന്ത പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഭൂമിയില്‍ അവകാശം ഉന്നയിച്ച് സ്വകാര്യവ്യക്തി കേസ് നല്കിയത്. 2006 ലായിരുന്നു ഇത്. കേസ് നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ നഗരസഭയ്ക്ക് വന്‍ വീഴ്ചകളുണ്ടായി.
മാമത്തെ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നഗരസഭാധികൃതരെ വിലക്കിക്കൊണ്ടുള്ള താത്കാലിക നിരോധന ഉത്തരവാണ് ആദ്യം ഉണ്ടായത്. ഇതിന്മേല്‍ പലതവണ വാദം കേള്‍ക്കാന്‍ വിളിച്ചെങ്കിലും നഗരസഭ ഹാജരായില്ല. തുടര്‍ന്ന് താത്കാലിക നിരോധന ഉത്തരവ് സ്ഥിരമായി. ഇതിന്മേല്‍ 30 ദിവസത്തിനുള്ളില്‍ സബ്‌കോടതിയില്‍ അപ്പീല്‍ നല്‍കാനും നഗരസഭ ശ്രമിച്ചില്ല. വൈകി അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് മുന്‍സിഫ് കോടതിയിലെത്തുന്നത്.
ഇപ്പോഴത്തെ ഭരണസമിതി കേസ് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറായി. കേസ് നടക്കുന്നതിനിടെ മദ്ധ്യസ്ഥചര്‍ച്ചയിലൂടെ കേസ് തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ നഗരസഭാധികൃതര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് കേസ് തീര്‍പ്പാകാതെ നീണ്ടുപോകുന്നതിനെതിരേ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ ഹര്‍ജിയെത്തുടര്‍ന്ന് കേസ് മൂന്ന്മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായി. ഇതേത്തുടര്‍ന്നാണ് കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലായത്.

More Citizen News - Thiruvananthapuram