വിഴിഞ്ഞം: മത്സ്യത്തൊഴിലാളി പ്രശ്‌നം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യം

Posted on: 11 Sep 2015തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിഴിഞ്ഞം വാണിജ്യ തുറമുഖവും മത്സ്യബന്ധന മേഖലയും എന്ന വിഷയത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് പുല്ലുവിള സ്റ്റാന്‍ലി, ടി.പീറ്റര്‍ എന്നിവര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിപ്പോള്‍ വിളിക്കുന്നതില്‍ തൊഴിലാളിയൂണിയനുകളില്ല. ആശങ്ക പരിഹരിക്കാന്‍ പാക്കേജ് പ്രഖ്യാപിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാക്കണം.
പ്രമുഖ രാഷ്്ട്രീയ സാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ബഹുജന കണ്‍വെന്‍ഷന്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 180 ഏക്കര്‍ കടല്‍ നികത്തിയും കരയില്‍ നിന്ന് 300 മീറ്റര്‍ കടലിലേക്കും നാല് കിലോമീറ്റര്‍ നീളത്തിലും പുലിമുട്ട് നിര്‍മിക്കാനൊരുങ്ങുകയാണ്. ഇത് മറ്റ് ഭാഗങ്ങളില്‍ കടല്‍ കരയിലേക്ക് കയറാനിടയാക്കും. തീരത്തോട് ചേര്‍ന്നുള്ള മത്സ്യഗ്രാമങ്ങളിലെ വീടുകള്‍ നഷ്ടമാകും.
കപ്പല്‍ ചാലില്‍ നിരന്തരം ഡ്രഡ്ജിങ് വേണ്ടി വരുന്നതിനാല്‍ തീരക്കടലിലെ മീന്‍ പിടിത്തം തടസ്സപ്പെടും. മത്സ്യമേഖലയെ ബാധിക്കുന്ന ഇത്തരം ഗുരുതര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram