മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍: അനുജനെ പരിചരിക്കാന്‍ ജ്യേഷ്ഠന് സ്ഥലംമാറ്റം

Posted on: 11 Sep 2015തിരുവനന്തപുരം: തലച്ചോറിലെ മൈലീന്‍ ഉറ നശിച്ചുപോകുന്ന അപൂര്‍വ രോഗത്തിന് ഇരയായ 30 വയസുകാരനെ പരിചരിക്കാന്‍ അധ്യാപകനായ സഹോദരന് സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നല്‍കി.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശിയുടെ നിര്‍ദേശാനുസരണമാണ് കോഴിക്കോട് ബേപ്പൂര്‍ ഗവ. എല്‍.പി.എസിലെ അധ്യാപകന്‍ ആര്‍.സുരേഷ് ബാബുവിന് സ്ഥലംമാറ്റം നല്‍കിയത്. പാറശ്ശാല സ്വദേശിയാണ് സുരേഷ് ബാബു.
ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് സുരേഷ് ബാബുവിന്റെ സഹോദരന്‍ എന്‍.ആര്‍.സുരേഷ് ബിനുവിന് അപൂര്‍വരോഗം പിടിപ്പെട്ടത്. വിറയലുള്ളതുകാരണം ഭക്ഷണം കഴിക്കാന്‍ സാധ്യമല്ല. എഴുന്നേറ്റുനില്‍ക്കണമെങ്കില്‍ പരസഹായം വേണം. പ്രാഥമികാവശ്യങ്ങള്‍ ഒറ്റയ്ക്ക് നിര്‍വഹിക്കാനാവില്ല. അമ്മയാണ് ഏക ആശ്രയം. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിരവധിതവണ പരാതി നല്‍കിയെങ്കിലും സ്ഥലംമാറ്റം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
തിരുവനന്തപുരം മുരുക്കുംപുഴ ഗവ. എല്‍.പി.എസിലാണ് സുരേഷ്ബാബുവിനെ സര്‍ക്കാര്‍ നിയമനം നല്‍കിയത്.

More Citizen News - Thiruvananthapuram