വിഴിഞ്ഞത്തുനിന്ന് മാലിയിലേക്കുള്ള ചരക്കുകയറ്റം നിലച്ചു

Posted on: 11 Sep 2015
വിഴിഞ്ഞം:
വിഴിഞ്ഞം തുറമുഖത്തുനിന്ന് മാലിയിലേക്കുള്ള ചരക്കുകയറ്റം പൂര്‍ണമായും നിലച്ചു. ചരക്കുകയറ്റത്തിനുള്ള ക്രെയിന്‍ തുരുമ്പെടുത്ത് നശിച്ചതും മാലിയിലെ പുതിയ ചരക്കുനിയമവുമാണ് വിഴിഞ്ഞത്തെ ചരക്കുകയറ്റം നിലയ്ക്കാനിടയാക്കിയത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനവും ഇല്ലാതായി.

വിഴിഞ്ഞത്തുനിന്ന് മാലിയിലേക്കുള്ള ചരക്കുകയറ്റത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആഴ്ചയില്‍ രണ്ടും മൂന്നും എന്ന കണക്കിന് മാസത്തില്‍ പന്ത്രണ്ടോളം കപ്പലുകള്‍ മാലിയില്‍നിന്ന് വിഴിഞ്ഞത്ത് എത്താറുണ്ടായിരുന്നു. കപ്പലൊന്നിന് 12,000 മുതല്‍ 15,000 രൂപ വരെ വരുമാനവും തുറമുഖവകുപ്പിന് ലഭിച്ചിരുന്നു. പച്ചക്കറികള്‍, ആടുമാടുകള്‍, നിര്‍മ്മാണസാമഗ്രികള്‍, വാഹനങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രധാന കയറ്റുമതി വസ്തുക്കള്‍. കേരളത്തിനുപുറമെ തമിഴ്‌നാടും ചരക്കുകയറ്റത്തിന് വിഴിഞ്ഞം തുറമുഖത്തെ ആശ്രയിച്ചിരുന്നു. വിഴിഞ്ഞത്തുനിന്നുള്ള ചരക്കുകയറ്റം നിലച്ചതോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്നാണ് ഇപ്പോള്‍ മാലിയിലേക്ക് സാധനങ്ങള്‍ കയറ്റിയയയ്ക്കുന്നത്.
ചാക്കുകളിലുള്ള ചരക്കിറക്ക് മൂന്നുമാസം മുമ്പ് മാലി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതോടെ, സാധനങ്ങള്‍ പൂര്‍ണമായും പായ്ക്കുചെയ്ത് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയായി.

വിഴിഞ്ഞത്തുനിന്ന് ചാക്കുകളിലായിരുന്നു സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്. ചരക്കുകയറ്റത്തിന് മൂന്നുവര്‍ഷം മുമ്പ് തുറമുഖവകുപ്പ് അനുവദിച്ചിരുന്ന ക്രെയിന്‍ ഉപയോഗിക്കാതെ കിടന്നതോടെ അത് തുരുെമ്പടുത്തു. ഒരുവര്‍ഷമായി വിഴിഞ്ഞം പുതിയ വാര്‍ഫിലെ ട്രാന്‍സിസ് ഷെഡ്ഡിലേക്ക് ക്രെയിന്‍ മാറ്റിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ചെന്നൈയിലെ ഒരു കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും സ്‌പെയര്‍പാര്‍ട്‌സ് കിട്ടാനില്ലെന്ന കാരണം പറഞ്ഞ് കമ്പനി കൈയൊഴിഞ്ഞു. ഇതോടെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ നശിച്ചനിലയിലാണ് ക്രെയിന്‍. കപ്പലിലേക്ക് ചരക്കുകയറ്റാനായി അനുവദിച്ച റീസ്റ്റേക്കര്‍ രണ്ടുമാസം മുമ്പ് കൊല്ലത്തേക്ക് കൊണ്ടുപോകുകകൂടി ചെയ്തതോടെ വിഴിഞ്ഞത്തുനിന്നുള്ള ചരക്കുകയറ്റം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

More Citizen News - Thiruvananthapuram