ഹണിമിഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും - മുഖ്യമന്ത്രി

Posted on: 11 Sep 2015തിരുവനന്തപുരം: കേരളത്തിലെ തേനീച്ച കര്‍ഷകരുടെ ഉന്നമനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച ഹണിമിഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ - കേരളയുടെയും ഫിയയുടെയും നേതൃത്വത്തില്‍ തേനുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ
സഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തില്‍ ദേശീയ നിലവാരമുള്ള തേന്‍ ഗുണമേന്മ നിര്‍ണയ ലബോറട്ടറി സ്ഥാപിക്കും. ഇതിനായി 4.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഹണിമിഷന് 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കണ്ണൂരില്‍ ഹണി മ്യൂസിയം ആരംഭിക്കുമെന്നും ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.
എല്ലാ വീടുകളിലും ഒരു തേനീച്ച കൂടെങ്കിലും പരിപാലിച്ച് കേരളത്തിലുള്ള തേനീച്ച വളര്‍ത്തല്‍ സാധ്യത പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ ഫിയ അംഗങ്ങളുടെ മക്കള്‍ക്ക് തൃശ്ശൂര്‍ ഭാരത് ബീ കീപ്പിങ് സെന്റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മന്ത്രി വി.എസ്.ശിവകുമാര്‍ സമ്മാനിച്ചു. എപ്പി എക്‌സ്‌പോയുടെ ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്പകവാടി നിര്‍വഹിച്ചു. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ.പ്രതാപന്‍, ഫിയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം, വൈസ് പ്രസിഡന്റ് മാനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമീണ സമ്പദ്ഘടനയില്‍ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുരളീധരന്‍ തഴക്കര, ഡോ.എസ്.ദേവനേശന്‍, ഡോ.കെ.എസ്.പ്രമീള, ഡോ.വി.എസ്.അമൃത, കെ.കെ.ഷൈലജ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തേന്‍, തേനുത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും 12 വരെ തുടരും.

More Citizen News - Thiruvananthapuram