സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവുവില്പന നടത്തിയ ആറംഗസംഘം പിടിയില്‍

Posted on: 11 Sep 2015നെയ്യാറ്റിന്‍കര: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവുവില്പന നടത്തിയ സംഘത്തിലെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. പാറശ്ശാലയിലെയും തമിഴ്‌നാട് അതിര്‍ത്തിയിലെയും സ്ഥാപനങ്ങളില്‍ കഞ്ചാവ് വിറ്റവരെയാണ് പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാറും സംഘവും അറസ്റ്റുചെയ്തത്.
പാറശ്ശാല കോട്ടവിള പുത്തന്‍വീട്ടില്‍ ബിബിന്‍(23), പാറശ്ശാല ഇലങ്കം റോഡ് വെട്ടുവിള മണികണ്ഠവിലാസം വീട്ടില്‍ അരുണ്‍(18), പാറശ്ശാല നെടുവാന്‍വിള ശ്രീനിവാസില്‍ സജിന്‍(18), പാറശ്ശാല കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ദിപിന്‍(28), നെടുവാന്‍വിള ശ്രീനിവാസില്‍ സതീഷ്(23), നെടുവാന്‍വിള പാലക്കുഴി സമുദായപ്പറ്റ് വീട്ടില്‍ റെജി(19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബിബിന്‍, ദിപിന്‍ എന്നിവരും സജിന്‍, സതീഷ് എന്നിവരും സഹോദരങ്ങളാണ്.
ശ്രീകൃഷ്ണാ ഫാര്‍മസി കോളേജിന് സമീപം കഞ്ചാവുവില്പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്നാണ് പ്രതികള്‍ കച്ചവടം നടത്തുന്നത്. ഒരാഴ്ച മുമ്പ് പാറശ്ശാല പോലീസ് കഞ്ചാവുവില്പന നടത്തിയ സ്ത്രീ ഉള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയിരുന്നു.
കഞ്ചാവ് ചെറുപൊതികളാക്കിയാണ് പ്രതികള്‍ വിറ്റിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കഞ്ചാവ് നല്‍കിയിരുന്നത്. മോഷണ ബൈക്കിലെത്തിയാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍നിന്ന് ഒരു മോഷണ ബൈക്ക് കണ്ടെടുത്തു. പാറശ്ശാല സ്വദേശി ഹരികുമാറിന്റെ ബൈക്കാണ് കണ്ടെടുത്തത്.
അന്വേഷണസംഘത്തില്‍ എസ്.ഐ. ബിജുകുമാര്‍, അഡീഷണല്‍ എസ്.ഐ. കൃഷ്ണന്‍കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവകുമാര്‍, മോഹന്‍കുമാര്‍, ഷിബു എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram