കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ - വി.ശിവന്‍കുട്ടി

Posted on: 11 Sep 2015തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്ന കോടികളുടെ അഴിമതി സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അറിവോടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമ്മതത്തോടെയുമാണെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. പത്രസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 30 കോടി രൂപ ലാഭത്തിലായിരുന്നു കണ്‍സ്യൂമര്‍ഫെഡ്. ഇപ്പോള്‍ 1400 കോടി രൂപയുടെ ബാധ്യതയിലാണ്.
2013ല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ 19 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, തൃശ്ശൂര്‍ വിജിലന്‍സ് കോടതികളില്‍ രണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. കണ്‍സ്യൂമര്‍ഫെഡിലെ ആഭ്യന്തര അന്വേഷണ വിഭാഗം 2015 മാര്‍ച്ചിനുശേഷം 12 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 105.27 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.
തൃശ്ശൂര്‍ പ്രിയദര്‍ശിനി ഫാര്‍മസി കോളേജ് ഏറ്റെടുത്തതില്‍ ഒരു കോടിയുടെ അഴിമതി നടന്നു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി രേഖാമൂലം നിയമസഭയില്‍ ഉന്നയിച്ചിട്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജോയി തോമസിനെ മാറ്റണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram