ശിലുവമല തീര്‍ഥാടന ഉത്സവം 13 മുതല്‍

Posted on: 11 Sep 2015നെയ്യാറ്റിന്‍കര: അടിമലത്തുറ ശിലുവമല തീര്‍ഥാടന തിരുനാള്‍ ഉത്സവം 13 മുതല്‍ 20 വരെ തീയതികളില്‍ നടക്കും. 13ന് വൈകീട്ട് അഞ്ചിന് വികാരി ടി.ജറാള്‍ഡ് സാവിയോ കൊടിയേറ്റും. തുടര്‍ന്ന് മേനംകുളം സെമിനാരി റെക്ടര്‍ ഫാദര്‍ ആര്‍.ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും.
17ന് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാലര വരെ കുരിശാരാധന. 19ന് വൈകീട്ട് ആറിന് സന്ധ്യാവന്ദനവും തുടര്‍ന്നു ചപ്ര പ്രദക്ഷിണവുമുണ്ടാവും. തിരുനാള്‍ ദിനമായ 20ന് ആര്‍ച്ച് ബിഷപ് എം.സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.

പ്രതികളെ വെറുതെ വിട്ടു

നെയ്യാറ്റിന്‍കര:
പുല്ലുവിള കടപ്പുറത്ത് വില്‍ഫ്രഡ് എന്നയാള്‍ സംശയാസ്​പദമായ സാഹചര്യത്തില്‍ മരിച്ചുകിടന്ന കേസില്‍ പ്രതികളാക്കിയ നാല് പേരെ കോടതി വെറുതെ വിട്ടു. കാഞ്ഞിരംകുളം പോലീസ് പ്രതികളാക്കിയ നെല്‍സണ്‍, ശീമോന്‍, ഫ്രാന്‍സിസ്, നസ്രേണ്‍ ഫെര്‍ണാണ്ടോ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗിരീഷ്‌കുമാര്‍ വെറുതെ വിട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. മര്യാപുരം ശ്രീകുമാര്‍ ഹാജരായി. 2005 ഏപ്രില്‍ 24നാണ് പുല്ലുവിള കടപ്പുറത്ത് വിജയന്‍ എന്നു വിളിക്കുന്ന വില്‍ഫ്രഡ് സംശയാസ്​പദമായ സാഹചര്യത്തില്‍
മരിച്ചുകിടന്നത്.

ഒരു വര്‍ഷം കഴിഞ്ഞിട്ടും അശ്വതിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നില്ല

നെയ്യാറ്റിന്‍കര:
ഒരു വര്‍ഷം കഴിഞ്ഞിട്ടും പെരുമ്പഴുതൂര്‍ പഴിഞ്ഞിക്കുഴി കടയറ പുത്തന്‍വീട്ടില്‍ എസ്.ജയകുമാറിന്റെ മകള്‍ അശ്വതിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ പോലീസിന് കഴിയുന്നില്ല. 2014 മെയ് നാലിനാണ് ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന വാടകവീട്ടില്‍ അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അച്ഛന്‍ എസ്.ജയകുമാര്‍ പരാതി നല്‍കിയിട്ടും ഇതുവരെ തുടരന്വേഷണം നടത്തിയിട്ടില്ല.
അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം ആരാണ് കണ്ടതെന്ന് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല ആദ്യം കണ്ടയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നതാരെന്ന കാര്യത്തിലും പോലീസിന് വ്യക്തതയില്ല.
അശ്വതിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കൂടുതല്‍ അന്വേഷണത്തിനായി ആന്തരിക അവയവങ്ങള്‍ പരിശോധനയ്‌ക്കെടുത്തെന്നാണ് പോലീസില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ട്ം നടത്തിയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തില്‍ നിന്നുള്ള വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ ഇത്തരത്തില്‍ യാതൊന്നും പരിശോധനയ്‌ക്കെടുത്തില്ലെന്ന് വ്യക്തമാക്കി.
അശ്വതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുമ്പോഴും പോലീസ് മരണത്തെ കുറിച്ച് മൗനം പാലിക്കുന്നതായി പരാതിയുണ്ട്. മാത്രവുമല്ല കേസ് അന്വേഷണം അട്ടിമറിച്ചതായി അശ്വതിയുടെ അച്ഛന്‍ എസ്.ജയകുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

സൂപ്പര്‍വൈസര്‍ ഒഴിവ്

നെയ്യാറ്റിന്‍കര:
കൊല്ലയില്‍ കൃഷിഭവനിലെ കാര്‍ഷിക കര്‍മസേനയില്‍ സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്. അപേക്ഷകള്‍ 18ന് മുന്‍പായി കൊല്ലയില്‍ കൃഷിഭവനില്‍ നല്‍കേണ്ടതാണ്.

More Citizen News - Thiruvananthapuram