എംപാനലുകാരെ സ്ഥലംമാറ്റി; പാറശ്ശാല എ.ടി.ഒ.യെ ഉപരോധിച്ചു

Posted on: 11 Sep 2015നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സിയിലെ എംപാനലുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ പാറശ്ശാല എ.ടി.ഒ.യെ ഉപരോധിച്ചു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്.
പാറശ്ശാല ഡിപ്പോയിലെ 36 എംപാനല്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ് സ്ഥലംമാറ്റിയത്. തിരുവോണനാളില്‍ ജോലിക്ക് ഹാജരാകാത്തതിനാലാണ് സ്ഥലം മാറ്റിയത്. കൂട്ട സ്ഥലംമാറ്റത്തിനെതിരെ കെ.എസ്.ടി.ഡബ്ല്യു.യു, കെ.എസ്.ആര്‍.ടി.ഇ.എ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ പാറശ്ശാല എ.ടി.ഒ. വി. പ്രദീപ്കുമാറിനെ ഉപരോധിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിയുമായി എ.ടി.ഒ.യുടെ മുറിയിലേക്ക് ജീവനക്കാര്‍ തള്ളിക്കയറി. തുടര്‍ന്ന് എ.ടി.ഒ.യെ ഉപരോധിക്കുകയായിരുന്നു. തിരുവോണനാളില്‍ ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ തിരുവനന്തപുരം സോണില്‍ 235 പേരെയാണ് സ്ഥലംമാറ്റിയത്. ഇവരില്‍ 36 പേര്‍ പാറശ്ശാല ഡിപ്പോയിലെ എംപാനലുകാരാണ്. സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ നിലപാടെടുത്തു.
ഉപരോധം തുടര്‍ന്നതോടെ ഐ.എന്‍.ടി.യു.സി. യൂണിയന്റെ സംസ്ഥാന നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസുമായി ബന്ധപ്പെട്ടു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍, സെക്രട്ടറി മോഹനന്‍, ട്രഷറര്‍ പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമായി.
ഉപരോധ സമരത്തിന് ഐ.എന്‍.ടി.യു.സി. നേതാക്കളായ എസ്.വി. സവീന്‍, ആര്‍. ബിനുമോഹന്‍, പി.വി. അനിര്‍കുമാര്‍ എന്നിവരും സി.ഐ.ടി.യു. നേതാക്കളായ എസ്. സതീഷ്, എസ്. സുരേഷ്‌കുമാര്‍ എന്നിവരും നേതൃത്വം നല്‍കി. രാവിലെ പത്തിന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു.

More Citizen News - Thiruvananthapuram