നിര്‍മാണ തൊഴിലാളികള്‍ സമരത്തിലേക്ക്‌

Posted on: 11 Sep 2015തിരുവനന്തപുരം: നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള നിര്‍മാണ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഈ മാസം 17ന് തലസ്ഥാനത്ത് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികളായ കെ.പി.തമ്പി കണ്ണാടന്‍, എം.എ.കരീം, അഡ്വ. ജി.സുഗുണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടില്ല. ക്വാറി പ്രവര്‍ത്തനം സ്തംഭിക്കാതിരിക്കാന്‍ നടപടിയെടുക്കും, മണല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി നദികളില്‍നിന്ന് മണല്‍ വാരുന്നതിന് അനുമതി നല്‍കും, മണല്‍ ഇറക്കുമതി ചെയ്യും, ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയെ സംബന്ധിച്ചും തീരുമാനമെടുത്തിരുന്നു. ആനുകൂല്യവര്‍ധനവുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. എന്നാലിവയൊന്നും പാലിക്കപ്പെട്ടിട്ടില്ല. തൊഴില്‍മന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

More Citizen News - Thiruvananthapuram