ജൈവകോഴിവളര്‍ത്തല്‍ പദ്ധതി അവതാളത്തില്‍; വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ഗുണഭോക്താക്കള്‍

Posted on: 11 Sep 2015വെള്ളറട: ഗുണഭോക്താക്കള്‍ക്ക് മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സ്വകാര്യ ഏജന്‍സി ആരംഭിച്ച ജൈവകോഴിവളര്‍ത്തല്‍ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ആവശ്യത്തിന് തീറ്റ കിട്ടാതെയും കോഴിമുട്ട വില്‍ക്കാന്‍ സൗകര്യമില്ലാതെയും കോഴികര്‍ഷകര്‍ വലയുന്നു. ഇതോടെ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെയായി. കൂടാതെ പദ്ധതിയുടെ മറവില്‍ ഏജന്‍സി വന്‍തുക തട്ടിയെടുത്തതായും പരാതി.
വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ മണത്തോട്ടം, ആറാട്ടുകുഴി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വനിതാസംഘങ്ങള്‍ മുഖാന്തിരം സ്വകാര്യ ഏജന്‍സി തുടങ്ങിയ ജൈവകോഴിവളര്‍ത്തല്‍ പദ്ധതിയുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്. അടൂരിലുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് ബാങ്ക് വായ്പ തരപ്പെടുത്തി നല്‍കിയത്. ഒറ്റശേഖരമംഗലം കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ ഏജന്‍സിക്കും പൗഡിക്കോണം സ്വദേശിക്കുമാണ് നടത്തിപ്പ് ചുമതലയുള്ളതെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
പഞ്ചായത്തിന്റെ കീഴിലുള്ള പദ്ധതിയാണെന്നും നബാര്‍ഡുമായി ബന്ധപ്പെടുത്തി സബ്‌സിഡിയോടുകൂടിയുള്ള വായ്പ തരപ്പെടുത്തി നല്‍കുമെന്നും തെറ്റിദ്ധരിപ്പിച്ച് വനിതാ ഗുണഭോക്താക്കളെ വലയിലാക്കി മാസങ്ങള്‍ക്ക് മുമ്പാണ് പദ്ധതി ആരംഭിച്ചത്. ഒരു നോഡല്‍ ഏജന്‍സി മുഖേനയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 50,000 രൂപയാണ് വായ്പാ തുക.
പദ്ധതി നടത്തിപ്പിനായി ആകെയുള്ള ഗുണഭോക്താക്കളെ ആറംഗ ഗ്രൂപ്പുകളായി തരംതിരിച്ച് അതില്‍നിന്ന് രണ്ട് ഭാരവാഹികളെയും തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് സംഘങ്ങളുടെ പേരില്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടും തുറന്നു. പിന്നീട് ഗുണഭോക്താക്കള്‍ ഒപ്പിട്ട് ഏല്‍പ്പിച്ച രേഖകളിന്‍മേല്‍ ഏജന്‍സി ബാങ്കില്‍ നിന്ന് വായ്പയും കൈവശപ്പെടുത്തി. പകരം ആവശ്യമായവ വിതരണം ചെയ്ത് പദ്ധതി തുടങ്ങിയെങ്കിലും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ഗുണഭോക്താക്കള്‍പറയുന്നു. വിതരണംചെയ്ത സാധനങ്ങള്‍ക്ക് വായ്പാ തുകയുടെ 50 ശതമാനം മാത്രമേ വില വരികയുള്ളുവെന്ന ആരോപണവുമുണ്ട്. അപാകമുള്ള കൂടുകള്‍ നല്‍കിയതിനാല്‍ കോഴികള്‍ക്കെല്ലാം നില്‍ക്കാനിടമില്ലാതെയായി. ഇക്കാരണത്താല്‍ പലതും ചത്തുതുടങ്ങി. തീറ്റയുടെ അളവ് കുറയ്ക്കുകയും കൃത്യസമയത്ത് വിതരണവും നടക്കുന്നില്ല. ആദ്യം മുട്ട ശേഖരിച്ചുവെങ്കിലും പറഞ്ഞ വില കൊടുത്തില്ലെന്നും പിന്നീട് ശേഖരണവും ഏജന്‍സി നിര്‍ത്തിയ നിലയിലായെന്നും ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. വായ്പാഗഡു തുക അടയ്ക്കാന്‍ പോംവഴിയില്ലാതായതോടെ ഗുണഭോക്താക്കള്‍ സംഘടിച്ച് പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് നടത്തിപ്പുകാരെത്തി ചര്‍ച്ച നടത്തി ചില കരാറുകള്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് അവയൊന്നും പ്രാവര്‍ത്തികമായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്തതിനാല്‍ കോടതിയെ സമീപിച്ചതായി ഗുണഭോക്താക്കള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram