ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധം: എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന്‍ റാലി നടത്തി

Posted on: 10 Sep 2015വര്‍ക്കല: ശ്രീനാരായണഗുരുവിനെ അവഹേളിക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ വര്‍ക്കലയില്‍ വന്‍പ്രതിഷേധം. എസ്.എന്‍.ഡി.പി. ശിവഗിരി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച റാലി പുത്തന്‍ചന്തയില്‍ സമാപിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ള നേതാക്കള്‍, പ്രവര്‍ത്തകര്‍, വനിതാസംഘം-യൂത്ത്മൂവ്‌മെന്റ് ഭാരവാഹികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. പീതപതാകകളേന്തി സി.പി.എമ്മിനെതിരെ മുദ്രാവാക്യമുയര്‍ത്തിയാണ് റാലി നീങ്ങിയത്. യൂണിയന്‍ നേതാക്കളായ അജി.എസ്.ആര്‍.എം, ജി.തൃദീപ്, രജനു പനയറ, രാധാബാബു, രേണുക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗുരുവിനെ ആക്ഷേപിക്കുന്ന തരത്തിലുണ്ടായ സംഭവം പ്രബുദ്ധകേരളം അവജ്ഞയോടെ തള്ളുമെന്ന് ഗുരുധര്‍മപ്രചാരണസഭ കണ്‍വെന്‍ഷന്‍ വിലയിരുത്തി. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ചില സമുദായനേതാക്കളില്‍ നിന്നും ഗുരുവിനും ഗുരുദര്‍ശനത്തിനുമെതിരായി ഉയരുന്ന ആക്ഷേപപരാമര്‍ശങ്ങള്‍ ഗുരുഭക്തര്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. കെ.കെ.കൃഷ്ണാനന്ദബാബുവിന്റെ അധ്യക്ഷതയില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഗുരുപ്രസാദ്, അമയന്നൂര്‍ ഗോപി, വി.ടി.ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ സി.പി.എം. നടപടിയില്‍ ചെറുന്നിയൂര്‍ എസ്.എന്‍.ഡി.പി. ശാഖ പ്രതിഷേധിച്ചു. ശാഖാ പ്രസിഡന്റ് ഡി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ റോബിന്‍കൃഷ്ണന്‍, സുനില്‍ദത്ത, സതീശന്‍ ബാബു, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
ഗുരുദേവനെ കുരിശ്ശില്‍ തറച്ചതായി ചിത്രീകരിച്ച നിശ്ചലദൃശ്യത്തിനെതിരെ വര്‍ക്കല ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍ പ്രമേയം പാസ്സാക്കി. വക്കം സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.സുവര്‍ണകുമാര്‍, അനില്‍ വെണ്‍കുളം, പി.ഷൈലകുമാര്‍, ഒ.നാരായണന്‍ ബാബു, സുധാകരന്‍, പുഷ്പാശശി എന്നിവര്‍ സംസാരിച്ചു.
ഗുരുദേവനെ അവഹേളിച്ചതില്‍ ശ്രീനാരായണ സോഷ്യല്‍ സെന്റര്‍ പ്രതിഷേധിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ഭാരവാഹികളായ ബലറാം, സുനില്‍, സന്തോഷ്, രാമചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഗുരുദേവനെ കുരിശ്ശിലേറ്റി അപമാനിച്ചതില്‍ വര്‍ക്കല സെന്‍സ് പ്രതിഷേധിച്ചു. പ്രസിഡന്റ് ഡോ. എം.ജയരാജു ആധ്യക്ഷ്യം വഹിച്ചു.


More Citizen News - Thiruvananthapuram