പ്രൗഢമായ വേദി; ധന്യമായി സദസ്സ്‌

Posted on: 10 Sep 2015ചിറയിന്‍കീഴ് : നാടിന്റെ വികസനത്തിന് ചുക്കാന്‍പിടിക്കുന്നവരെല്ലാം വേദിയില്‍ അണിനിരന്നപ്പോള്‍ പെരുമാതുറ-താഴംപള്ളി പാലത്തിന്റെ ഉദ്ഘാടനവേദി സമ്പന്നമായി. പാലത്തിനായി പല കാലങ്ങളില്‍ പ്രയത്‌നിച്ചവരെല്ലാം വേദിയിലെത്തിയെന്നതും ശ്രദ്ധേയമായി.
ഉദ്ഘാടനസമ്മേളനത്തിനായി തയ്യാറാക്കിയ പന്തലിലും പാലത്തിന്റെ വശങ്ങളിലും റോഡിലുമെല്ലാം നാട്ടുകാര്‍ തിങ്ങിനിറഞ്ഞപ്പോള്‍ നാട് കണ്ട മഹാസമ്മേളനമായി അത് മാറുകയായിരുന്നു.
ചടങ്ങിന്റെ അദ്ധ്യക്ഷന്‍ തുറമുഖവകുപ്പ് മന്ത്രി കെ.ബാബുവായിരുന്നു. നിശ്ചയിച്ചിരുന്ന സമയത്തിന് 15 മിനുട്ട് മുന്നേ പെരുമാതുറയിലെത്തിയ മന്ത്രി ജനങ്ങള്‍ക്കൊപ്പം അരമണിക്കൂറോളം ചെലവിട്ടു. തീരദേശത്തിന്റെ ദുരിതങ്ങളും പാലം വന്നതിന്റെ സന്തോഷവുമെല്ലാം ജനങ്ങള്‍ മന്ത്രിയോട് പങ്കുെവച്ചു. 3.15 ഓടെ മുഖ്യമന്ത്രി പെരുമാതുറയിലെത്തി. ആഘോഷത്തോടെയാണ് മുഖ്യമന്ത്രിയെ നാട്ടുകാര്‍ വേദിയിലേക്ക് നയിച്ചത്.
തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങാരംഭിച്ചു. ഉദ്ഘാടകന്റെയും അദ്ധ്യക്ഷന്റെയും വാക്കുകള്‍ ആരവങ്ങളോടെയാണ് ജനം ഏറ്റുവാങ്ങിയത്. എം.എല്‍.എ.മാരായ വി.ശശി, വര്‍ക്കല കഹാര്‍, മുന്‍ എം.എല്‍.എ.മാരായ ടി.ശരത്ചന്ദ്രപ്രസാദ്, ആനത്തലവട്ടം ആനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അംബിക, ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, ജി.ചന്ദ്രശേഖരന്‍നായര്‍, എം.എ.ലത്തീഫ്, ഇളമ്പ ഉണ്ണികൃഷ്ണന്‍, എസ്.പ്രമീള, മനോജ് ബി. ഇടമന, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചീഫ് എന്‍ജിനിയര്‍ പി.കെ.അനില്‍കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ബി.ടി.വി.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram