സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസ്സുകള്‍

Posted on: 10 Sep 2015ആറ്റിങ്ങല്‍: സുരക്ഷാ മാനദണ്ഡങ്ങള്‍പോലും പാലിക്കാതെ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ സ്വകാര്യ ബസ്സുകള്‍ പായുന്നു. പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.
അമിതവേഗം നിയന്ത്രിക്കണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടികളുണ്ടായിട്ടില്ല. താലൂക്കില്‍ പലയിടത്തും സ്വകാര്യ ബസ്സുകളുടെ വേഗത പേടിപ്പെടുത്തുന്നതാണെന്ന് യാത്രക്കാര്‍ പറയുന്നു.
ആറ്റിങ്ങല്‍-കാരേറ്റ് റൂട്ടിലോടുന്ന ചില ബസ്സുകള്‍ മരണപ്പാച്ചിലാണ് നഗരൂര്‍-കാരേറ്റ് റോഡില്‍ നടത്തുന്നത്. എതിര്‍ദിശയില്‍ പോകുന്ന വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട് ബസ് കടന്നുപോയ ശേഷം പോകേണ്ട സ്ഥിതിയാണ്. വീതികുറഞ്ഞ റോഡാണിത്. ഈ റോഡില്‍ സ്വകാര്യ ബസ്സുകളുടെ വേഗം പരിശോധിച്ച് നടപടികളെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പിന്നിലെ കണ്ണാടി പൊട്ടിത്തകര്‍ന്ന് ചില സ്വകാര്യ ബസ്സുകള്‍ ആഴ്ചകളായി ഇതേനിലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരെ കുത്തി നിറച്ച് കൊണ്ടുപോകുന്ന ബസ്സുകളില്‍ ചില്ലുകളില്ലാത്തത് സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഭീഷണിയാണ്. കുട്ടികള്‍ കൗതുകംകൊണ്ട് തല വെളിയിലിട്ട് നോക്കുന്നത് പതിവാണ്. ഇത് വന്‍ അപകടത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വേഗപ്പൂട്ടില്ലാതെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതെന്നും ആരോപണമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പരിശോധനകള്‍ ഇല്ലാതായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


More Citizen News - Thiruvananthapuram