പ്രതീക്ഷയുടെ പുതിയ പാലത്തെക്കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെ

Posted on: 10 Sep 2015അഞ്ചുതെങ്ങ്: ''ഇനി ഞങ്ങള്‍ക്ക് പെരുമാതുറ ഭാഗത്ത് മാത്രമല്ല താഴംപള്ളി, പൂത്തുറ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ ഭാഗത്തും പോയി കച്ചോടം നടത്താന്‍ പറ്റും'' പെരുമാതുറ- താഴംപള്ളി പാലത്തെ നോക്കി അസുമാബീവി പറഞ്ഞതാണിത്. തീരദേശത്തിന്റെ മുഴുവന്‍ ഉണര്‍വാണ് ബുധനാഴ്ച പെരുമാതുറയില്‍ കണ്ടത്.
തീരദേശജനതയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകിയ പെരുമാതുറ-താഴംപള്ളി പാലത്തെക്കുറിച്ച് ഇരുകരകളിലുമുള്ളവര്‍ക്ക് പറയാനേറെയാണ്. പാലം വരുന്നതിന് മുമ്പും പാലം തുറന്നതിന് ശേഷമുണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ആവേശത്തോടെയാണിവര്‍ പ്രതികരിക്കുന്നത്.
''ഇനി ബന്ധുക്കളെ കാണാന്‍ വള്ളത്തില്‍ കയറണ്ട. പാലമുണ്ടല്ലോ.'' സന്തോഷത്തോടെ പാലം കാണാനെത്തിയ പെട്രീഷ്യ പറയുന്നു. പാലം വരുന്നതിന് മുമ്പ് ഇരു കരകളിലും താമസിക്കുന്നവര്‍ ബന്ധുക്കളായിരുന്നെങ്കിലും മുതലപ്പൊഴി ഒരു പരിധിവരെ ഇവരെ അകറ്റിയിരുന്നു. ഇപ്പോള്‍ എല്ലാവരും അടുത്തായി. സ്‌നേഹം പങ്കിടാനും കൂട്ടായ്മയ്ക്കുമുള്ള വഴികൂടിയാവുകയാണ് പാലം.
ഞങ്ങള്‍ക്കിനി ഒരു ചുവടുെവച്ചാല്‍ പെരുമാതുറയിലെത്തി ബസില്‍ കയറി കോളേജിലേക്ക് പോകാം. ആഹ്ലാദം മറയ്ക്കാതെ താഴംപള്ളിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കാര്യവട്ടം കാമ്പസ്, ഓള്‍ സെയിന്റ്‌സ്, സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലം വലിയ അനുഗ്രഹമായി. യാത്രാ സൗകര്യം കുറഞ്ഞ താഴംപള്ളിയില്‍ നിന്ന് കോളേജിലെത്താന്‍ സഹിച്ച ത്യാഗങ്ങള്‍ ഇനി ഓര്‍മ്മ മാത്രമാകും.
''ജീവന്‍ രക്ഷിക്കാന്‍ ഇനി ആരുടെയും കാലുപിടിക്കണ്ട. നിമിഷങ്ങള്‍കൊണ്ട് മെഡിക്കല്‍ കോളേജിലെത്താം'' മത്സ്യത്തൊഴിലാളിയായ തങ്കച്ചന്‍ പറയുന്നു. മീന്‍ പിടിത്തത്തിനിടയില്‍ അപകടത്തില്‍പ്പെടുന്നവരെ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നേരത്തേ വളരെ ചുറ്റേണ്ടിയിരുന്നു. അഞ്ചുതെങ്ങ് മുതല്‍ താഴംപള്ളിവരെയുള്ളവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഈശ്വര കടാക്ഷമാണ് ഈ പാലം തങ്കച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.
വിമാനത്താവളത്തിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. മത്സ്യത്തൊഴിലാളിയായ റോബര്‍ട്ട് പറഞ്ഞു. ഇനി വേണ്ടത് സര്‍വീസ് ബസുകളാണ്. താഴംപള്ളിയില്‍ അഞ്ച് ബസ് ഓടിയിരുന്നു. ഇപ്പോള്‍ പേരിന് പോലും ഒന്നില്ല. പാലം വന്നില്ലേ. ഇനിയെങ്കിലും ഞങ്ങള്‍ക്കൊരു ബസ് തന്നുകൂടേ റോബര്‍ട്ട് പറയുന്നു.
യാത്രാക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. യുടെ മുടങ്ങിയ സര്‍വീസുകള്‍ പുനരാരംഭിക്കണം. കൊല്ലം, പരവൂര്‍, വര്‍ക്കല, അഞ്ചുതെങ്ങ്, മുതലപ്പൊഴി, വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ പുതിയ ഷെഡ്യൂളുകള്‍ നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

More Citizen News - Thiruvananthapuram